കാസിം ഇരിക്കൂർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ
സി.പി.എം നിലപാട് തള്ളി കാന്തപുരത്തെ പിന്തുണച്ച് ഐ.എൻ.എൽ; ‘ഓണത്തെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, ഇസ്‍ലാമിക ആഘോഷങ്ങൾ അതിരുകടക്കരുതെന്നാണ്’
കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ. ഇസ്‍ലാമിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പ്രസ്താവന വലിയ വിവാദമാക്കേണ്ടതില്ലെന്നും ഞെട്ടിക്കുന്ന പ്രസ്താവനകളൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ സി.പി.എം നേതാക്കളും പോഷക സംഘടനകളും മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എന്നാൽ, വിശ്വാസി സമൂഹത്തിന് നൽകുന്ന സാധാരണ ഉദ്ബോധനം മാത്രമാണ് കാന്തപുരം നടത്തിയതെന് ഐ.എൻ.എൽ നേതാക്കൾ വ്യക്തമാക്കി.
‘ഒരു വിഷയം ഉണ്ടാകുമ്പോൾ അതിൽ അക്കാദമികമായോ സാമൂഹികമായോ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണ്. വിഷയം വിശകലനം ചെയ്യുന്നതിനു പകരം അതിനെ വിവാദമാക്കുന്നത് ശരിയല്ല. ഏത് മതത്തിലായാലും പണ്ഡിതന്മാരും മതസംഘടനകളും അവരുടെ അനുയായികളോട് ഇത്തരം ഉദ്ബോധനങ്ങൾ നടത്താറുണ്ട്. ചർച്ചിൽ ജീൻസും ടോപ്പും ധരിച്ച് വരുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ആണും പെണ്ണും അല്ലാത്ത വസ്ത്രധാരണം പിശാചിന്റെ ലക്ഷണമാണെന്നും ഒരു ക്രൈസ്തവ പുരോഹിതൻ സ്ത്രീകളോട് പറയുന്ന വിഡിയോ കണ്ടിരുന്നു. അത് തന്റെ വിശ്വാസി സമൂഹത്തോട് പറയേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്.
ഓണത്തെ കുറിച്ചല്ല കാന്തപുരം പറഞ്ഞത്. നബിദിന സമയത്ത് ധാരാളം ആഘോഷങ്ങൾ നടക്കാറുണ്ട്. ഈ ഇസ്‍ലാമിക ആഘോഷങ്ങൾ അതിരുകടക്കരുതെന്നും മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ് സമസ്തയുടെ പ്രസ്താവനയിലുള്ളത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‍ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ എന്നിവരാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്. പരിപാടികൾ ഇസ്‍ലാമിക മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി-മദ്രസ ഭാരവാഹികളും ശ്രദ്ധിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു.
ഇത് അനുയായികളോട് നടത്തുന്ന ഒരു ആഹ്വാനം അല്ലെങ്കിൽ ഉണർത്തൽ മാത്രമാണ്. ഈ പ്രസ്താവനയോടുകൂടി ഇവിടെ മുഴുവനും ഇടിഞ്ഞു പൊടിഞ്ഞുവീണു, സ്ത്രീകളെ മുഴുവനും പെട്ടിയിലാക്കി എന്നൊക്കെ പറയുന്നത് അതിവൈകാരികമായി വിഷയങ്ങളെ സമീപിക്കുന്ന രീതിയാണ്. ഇതൊരു ആദ്യത്തെ സംഭവംഅല്ല. ഇടക്കിടക്ക് ഇവർ ഇങ്ങനെയുള്ള കുറേ കാര്യങ്ങൾ ഉണർത്തും. ഒരു നാട്ടിൽ കുറെ മദ്യപാനികളുടെ ശല്യം ഉണ്ടെങ്കിൽ യുവാക്കൾ മുഴുവനും തന്നെ വെഴിറ്റുകയാണെന്ന് പറഞ്ഞുകൊണ്ട് ഉടനെ അവർ ഇതുപോലെ ഒരു പ്രസ്താവന ഇറക്കുമെന്നും കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.