കാലിഫോർണിയ കൊലപാതകം: അഞ്ജനയെ കൊന്നത് കാർ ദേഹത്ത് കയറ്റിയിറക്കി; അനിലയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ തൃശൂർ പീച്ചി സ്വദേശിയായ അഞ്ജന ഹരിയെ (35) കൊലപ്പെടുത്തിയത് അതിക്രൂരമായി. കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

മനപൂർവമായ നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അനില നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. ഒമ്പതിന് കോടതിയിൽ ഹാജരാക്കും. കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിയായ അനില, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിനെ (40) കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കുത്തേറ്റ് കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്.

സാക്ഷികളുടെ മൊഴികളാണ് കേസിൽ നിർണായകമായത്. അഞ്ജനയെ കൊന്നത് കാർ മനപൂർവം ദേഹത്ത് അതിവേഗത്തിൽ ഇടിച്ചു കയറ്റിയാണെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. കാറിന്റെ ടയറുകൾ യുവതിയുടെ ദേഹത്തു കയറിയിറങ്ങി. തുടർന്ന് മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചശേഷം കാർ നിർത്താതെ പോയെന്നും ദൃക്സാക്ഷികൾ മൊഴി കൊടുത്തിട്ടുണ്ട്. വാഹനം ഓടിച്ചിരുന്നത് ഇന്ത്യൻ വംശജയായ സ്ത്രീയാണെന്നും അവർ പറഞ്ഞു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അനില മനഃപൂർവം യുവതിയുടെ മേൽ കാർ ഇടിച്ചുകയറ്റിയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.

ആഗസ്റ്റ് 28ന് രാവിലെ 10നാണ് കൊലപാതകം നടക്കുന്നത്. കൊല്ലപ്പെട്ട യുവതികളും പ്രതിയും കുടുംബസമേതം ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ദിവസങ്ങൾക്കു മുമ്പ് മൂന്നുപേരും ഒന്നിച്ച് ഓണം ആഘോഷിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ആൻ മേരിയുടെ മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ കുത്തേറ്റ നിലയിലായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ്സുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു.

Tags:    
News Summary - California murder: Anjana was killed by being run over by a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.