‘പെൺകുട്ടികൾക്ക് ഡാൻസ് കളിക്കാൻ തോന്നിയാൽ കളിക്കും, അവരുടെ കൈ പിടിക്കാൻ ആരെങ്കിലും വന്നാൽ ബി.ജെ.പി തടയും’; കാന്തപുരത്തിനെതിരെ ഷോൺ ജോർജ്

കോട്ടയം: പെൺകുട്ടികൾക്ക് ഡാൻസ് കളിക്കാൻ തോന്നിയാൽ കളിക്കുമെന്നും ആരെങ്കിലും അവരുടെ കൈ പിടിക്കാൻ വന്നാൽ അവരെ ബി.ജെ.പി തടയുമെന്നും ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ഈ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി ആണെങ്കിൽ ഇവിടെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്‍ലിമിനും ഒരേ നിയമങ്ങളാണ്. ആർക്കും വ്യത്യസ്തമായ നിയമങ്ങൾ ഇല്ല -അദ്ദേഹം പറഞ്ഞു.

‘ഇവിടെ പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ ഡാൻസ് കളിക്കും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും ഈ രാജ്യത്ത് അവർക്ക് ഉണ്ടാകും. അതിന്റെ പേരിൽ അവരുടെ കൈയ്യിൽ പിടിക്കാൻ ആരെങ്കിലും വന്നാൽ അതിനെ തടയാൻ ഭാരതീയ ജനതാ പാർട്ടി ഉണ്ടാകും.

കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി എപ്പോഴാണ് തള്ളിയത്? എത്ര ദിവസമായി അത് പറഞ്ഞിട്ട്. അത്ര വലിയ സമ്മർദ്ദം പൊതുസമൂഹത്തിന് ഉയർന്നപ്പോഴാണ് ഇന്ന് മുഖ്യമന്ത്രിയുടെ വായ ഒന്ന് തുറന്നത്. മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് പറയുന്ന ഒരാളെ മന്ത്രിസഭയിൽ എടുത്തു വെച്ചിട്ടാണ് മുഖ്യമന്ത്രി മതേതരത്വം വിളമ്പുന്നത്. ഇന്നലെ ബഹുമാനപ്പെട്ട പാണക്കാട്ട് തങ്ങൾ പറഞ്ഞു ‘അവർ പണ്ഡിതരല്ലേ, പണ്ഡിതർ പറയുന്നതിന് ഞങ്ങൾ അഭിപ്രായം പറയുന്നില്ല’ എന്ന്. അതുപോലെ ഒരു പണ്ഡിതനാണ് പാലാരൂപത അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ്. ലൗ ജിഹാദ് പോലെയുള്ള വിപത്തുകൾ ഉണ്ടെന്നും ആ വിപത്തുകളെ കുറിച്ച് നിങ്ങൾ ജാഗ്രതയോടെ ഇരിക്കണം എന്നും അദ്ദേഹം കുറവിലങ്ങാട് പള്ളിക്കകത്ത് പറഞ്ഞതിന്റെ പേരിൽ എന്ത് കോലാഹലമാണ് നടത്തിയത്. ബിഷപ്പിന്റെ പ്രസ്താവന പിൻവലക്കണം എന്നാണ് തങ്ങൾ എന്താ പറഞ്ഞത്. അദ്ദേഹം പുരോഹിതനല്ലേ? അന്ന് ലീഗിന് ഒരു നിലപാട് ഇന്ന് വേറൊരു നിലപാട്.

കാന്തപുരം നടത്തിയ പ്രസ്താവന സമുദായത്തിന്റെ വിഷയമല്ല. ഭരണഘടന ഒരു പൗരന് കൊടുക്കുന്ന അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ്. സ്ത്രീ സമൂഹത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലോട്ട് നയിക്കുവാൻ ഇവർ നടത്തുന്ന ശ്രമം രാജ്യവിരുദ്ധതയുടെ ഭാഗമാണ്. പൗരാണികമായ കാടൻ നിയമങ്ങൾ ഇന്നും നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നാടിനെ പിന്നോട്ടടിക്കുവാൻ വേണ്ടിയുള്ള ഗൂഢ ശ്രമമാണ് നടത്തുന്നത്.

കെ.എം. ഷാജിക്ക് മിണ്ടാട്ടമില്ല, മുസ്‍ലിം ലീഗിന്റെ മറ്റു മന്ത്രിമാർക്ക് മിണ്ടാട്ടമില്ല. തങ്ങൾ പറഞ്ഞു അവർ പുരോഹിതരല്ലേ എന്ന്. മുസ്‍ലിം ലീഗിന്റെ അഭിപ്രായത്തോടുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം അഭിപ്രായം കൂടി അറിയാൻ താല്പര്യമുണ്ട് -ഷോൺ ജോർജ് പറഞ്ഞു.

Tags:    
News Summary - BJP will stop those holding girls' hands: Shone George against Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.