വി ഡി സതീശൻ
പരിസ്ഥിതിലോല പ്രദേശം 8,590 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കണം; ഇഎസ്എ വില്ലേജുകൾ 97 ആയി കുറയ്ക്കണമെന്നും കേന്ദ്രത്തോട് കേരളം
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ പരിസ്ഥിതിലോല പ്രദേശം 8,590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന് സംസ്ഥാന സർക്കാർ. കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 131 വില്ലേജുകൾക്ക് പകരം ഇഎസ്എ പരിധിയിലുള്ള വില്ലേജുകളുടെ എണ്ണം 97 ആയി നിജപ്പെടുത്തണമെന്നും കേരളം കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്.
വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് നേരിട്ട് മനസ്സിലാക്കാൻ കേരളം സന്ദർശിച്ച കേന്ദ്ര വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എന്നിവരടങ്ങിയ ഉന്നതതല സംഘം ചർച്ച നടത്തിയിരുന്നു. തുടക്കത്തിൽ പരിസ്ഥിതി മന്ത്രാലയം സംസ്ഥാനത്തെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമായിരുന്നു പരിസ്ഥിതിലോല മേഖലയായി നിർദേശിച്ചിരുന്നത്. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയോഗിച്ച ഡോ. ഉമ്മൻ വി. ഉമ്മൻ സമിതിയുടെ ശുപാർശപ്രകാരം ഇത് 123 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കി. വില്ലേജ് വിഭജനത്തിന് ശേഷം ഇത് 131 വില്ലേജുകളായി മാറുകയായിരുന്നു.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായി സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വില്ലേജിന്റെ ചെറിയൊരു ഭാഗം പരിസ്ഥിതിലോല മേഖലയിൽ പെടുന്നു എന്നതിന്റെ പേരിൽ ആ വില്ലേജ് മുഴുവനായി ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. അത്തരം വില്ലേജുകളിൽ പരിസ്ഥിതിലോലമായ കൃത്യമായ പ്രദേശം മാത്രം അടയാളപ്പെടുത്തണമെന്നും, സംസ്ഥാനത്ത് ആകെ 8,590 ചതുരശ്ര കിലോമീറ്റർ മാത്രമേ ഇഎസ്എ ആയി പ്രഖ്യാപിക്കാവൂ എന്ന നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.