ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം; ഇരുമ്പിന്റെ അംശം മാത്രം, പരിശോധനാ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: എൽ.ഡി.എഫ് സമരത്തിന് നേരെ ജലപീരങ്കിയിൽ പൊലീസ് മാലിന്യം കലർന്ന വെള്ളമാണ് ഉപയോഗിച്ചതെന്ന പ്രതിപക്ഷ ആരോപണം തള്ളി പരിശോധനാ റിപ്പോർട്ട്. സമരക്കാർക്കുനേരെ പൊലീസ് അമീബിക് മസ്തിഷ്ക ജ്വരത്തിന് വരെ കാരണമാവുന്ന തരത്തിലുള്ള മലിന ജലം പ്രയോഗിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലും കെ. രാജൻ പുറത്തും ആരോപണം ഉന്നയിച്ചിരുന്നു. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് വ്യക്തമായത്. വെള്ളത്തിൽ നേരിയ തോതിൽ ഇരുമ്പിന്റെ അംശം മാത്രമാണുള്ളത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചത് മലിനജലമല്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലപീരങ്കി കേരളത്തിൽ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. കഴിഞ്ഞ പത്ത് വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, അതിൽ യാതൊരു വ്യത്യാസവുമില്ല. വെറുതെ ആവശ്യമില്ലാതെ പൊലീസിനെ ആക്രമിക്കുകയും അവർക്കെതിരെ ആക്രോശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന് സ്വാഭാവിക നടപടിയെടുക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പി.എം. ശ്രീക്കെതിരെ ജൂൺ 22-ന് എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ. രാജൻ ഉൾപ്പെടെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. പൊലീസ് ചീറ്റിയ വെള്ളം ശേഖരിച്ച് കെ. രാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈമാറി. സഭയിൽ വെള്ളക്കുപ്പിയുമായാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. സംഭവം വിവാദമായതിനെ തുടർന്നായിരുന്നു ശാസ്ത്രീയ പരിശോധന. പ്രതിപക്ഷം കൈമാറിയ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആഭ്യന്തരമന്ത്രി കൈമാറുകയായിരുന്നു.
പൊലീസ് ആസ്ഥാനത്തേക്കുള്ള ഡി.വൈ.എഫ്.ഐ സമരത്തിനിടെ ചീറ്റിയ വെള്ളത്തിനും ചെളിയുടെ നിറമുണ്ടായിരുന്നു. സമരക്കാരെ നേരിടാൻ പൊലീസ് മനപ്പൂർവ്വം മലിനജലം ചീറ്റിയെന്നാണ് വീണ്ടും ആക്ഷേപം ഉയരുന്നത്. ജല അതോറിറ്റിയുടെ വെള്ളമാണ് ടാങ്കിൽ ശേഖരിക്കുന്നതെന്നും ബാക്കികിടക്കുന്ന വെള്ളവും ഇരുമ്പിന്റെ അംശവും ചേരുമ്പോഴുണ്ടാകുന്ന നിറവ്യത്യാസമാണ് ഇതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ടാങ്ക് പൊലീസ് ഉടൻ മാറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.