രാജീവ് ചന്ദ്രശേഖർ, വി.ഡി സതീശൻ
'മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സന്തോഷിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി': വി ഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്-മുസ്‌ലിം ലീഗ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണം സമ്പൂർണ പരാജയമാണെന്ന് രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന മുരടിപ്പും പാലിക്കപ്പെടാത്ത ഗ്യാരന്റികളും അതിരുകടന്ന പ്രീണന രാഷ്ട്രീയവുമാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് വി.ഡി. സതീശൻ സർക്കാർ കേരളത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശൻ സർക്കാരിന്റെ ഭരണത്തിന് കീഴിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും ഭാവി അപകടത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് വാഗ്ദാനം ചെയ്ത അഞ്ച് പ്രധാന ഗ്യാരന്റികളിൽ നാലെണ്ണവും സർക്കാർ ഇതുവരെ നടപ്പിലാക്കിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഭരണതലത്തിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ വർദ്ധിച്ചുവരികയാണെന്നും, രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നതിനായി വന്ദേമാതരത്തെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമവാഴ്ച പൂർണമായി തകരുകയും സംസ്ഥാനം 12,500 കോടി രൂപയുടെ അധിക കടബാധ്യതയിലേക്ക് കൂപ്പുകുത്തുകയും ചെയ്തുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങളോ വ്യവസായങ്ങളോ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടില്ല. പി.എസ്.സി തട്ടിപ്പുകളിൽ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും, എക്സാലോജിക് അഴിമതിയിൽ നടപടിയെടുക്കാതെ ഒളിച്ചുകളി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ വിശ്വാസികളെയും യുവജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും, ആദ്യ 100 ദിവസം കൊണ്ട് ഒരു വികസനവും ചെയ്യാത്ത സർക്കാർ അടുത്ത അഞ്ചു വർഷവും ഒന്നും ചെയ്യില്ലെന്നും വ്യക്തമാക്കിയാണ് രാജീവ് ചന്ദ്രശേഖർ കുറിപ്പ് പങ്കുവെച്ചത്. യുവജനങ്ങളെയും അയ്യപ്പവിശ്വാസികളെയും ഈ വി.ഡി സതീശൻ വഞ്ചിച്ചുവെന്നും മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സന്തോഷിപ്പിക്കാനുള്ള ഒരു സർക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.
സംസ്ഥാനത്ത് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറാകാത്തത് കള്ളക്കളികൾ പുറത്തുവരുമെന്ന ഭയം കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളോടുള്ള സഹിഷ്ണുത നഷ്ടപ്പെട്ട് ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന ഭരണശൈലിയാണ് സതീശൻ സർക്കാരിന്റേത്. യുവജനങ്ങളുടെയും സാധാരണക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ട ഈ കൂട്ടുകെട്ടിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.