കാലിന് മുറിവുമായി കാട്ടാന വനാതിര്‍ത്തിയിൽ; ചികിത്സ നല്‍കാതെ വനംവകുപ്പ് -Video

പത്തനാപുരം: ശരീരത്തിൽ മുറിവുമായി ദിവസങ്ങളായി വനാതിര്‍ത്തിയിലെത്തിയ കാട്ടാനക്ക് ഇനിയും വനംവകുപ്പ് ചികിത്സ നല്‍കിയില്ല. പിറവന്തൂര്‍ പഞ്ചായത്തിലെ അമ്പനാര്‍ റേഞ്ചില്‍ കറവൂര്‍ സന്യാസികോണ്‍ ഭാഗത്താണ് കഴിഞ്ഞ ഒരാഴ്ചയായി വലത് മുന്‍കാലിന് മുറിവേറ്റ നിലയില്‍ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.

സംഭവം നിരവധി തവണ വനപാലകരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കാട്ടാനക്ക് മതിയായ ചികിത്സ ലഭിക്കാതെ അലഞ്ഞു നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

കാട്ടാനകൾ തമ്മിൽ നടന്ന അക്രമത്തിനിടെ കൊമ്പ് കൊണ്ട് ആഴത്തിൽ മുറിവേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയിലേറെയായി സന്യാസിക്കോൺ തോടരികിലും ഈറക്കാടുകള്‍ക്ക് സമീപത്തും പല തവണയായി കാട്ടാനയെ കണ്ടവരുണ്ട്. ഇടയ്ക്ക് അലിമുക്ക് അച്ചന്‍കോവില്‍ പാത മുറിച്ച് വനത്തിന്റെ മറുഭാഗത്തേക്കും ആന സഞ്ചരിക്കുന്നുണ്ട്.

മുറിവ് പഴുത്ത് വ്രണമായ നിലയിലാണ്. സാധാരണ ചികിത്സയാവശ്യമായ രോഗങ്ങളോ മുറിവോ ഉള്ളപ്പോഴാണ് ആനകള്‍ ഒറ്റയ്ക്ക് വനാതിര്‍ത്തിയിലെത്തുന്നത്. കൈതച്ചക്കയിലോ ചക്കയിലോ മരുന്ന് വച്ച് ആനയ്ക്ക് തീറ്റിയായി ഇട്ട് കൊടുക്കുന്നതാണ് ഒരു ചികില്‍സ രീതി. കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മയക്കുവെടി വെച്ച് ചികില്‍സ നല്‍കും. കഴിഞ്ഞ വര്‍ഷം സാമാനമായ രീതിയില്‍ ഓലപ്പാറ കോട്ടക്കയം വനമേഖലയില്‍ ആന വനാതിര്‍ത്തിയിലെത്തുകയും ചികിത്സ ലഭിക്കാതെ ചരിയുകയും ചെയ്തിരുന്നു.

വനം വകുപ്പ് ജീവനക്കാർ സന്യാസികോണിലെ കാട്ടാനക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിച്ചേക്കാവുന്ന അവസ്ഥയിലാണെന്നും പ്രദേശവാസികള്‍ പറയുന്നു.


Tags:    
News Summary - Injured elephant on forest border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.