തലയോട്ടി തകർന്നു, നെഞ്ചിലേറ്റ മർദനത്തിൽ ആന്തരിക രക്തസ്രാവമുണ്ടായി; ഷഹബാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികളുടെ മർദനത്തിനിരയായ ഷഹബാസ് നേരിട്ടത് അതിക്രൂരമായ ആ​ക്രമണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആ​ക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നതായാണ് പോസ്​റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

കട്ടിയുള്ള ആയുധം ഉപ​യോഗിച്ചുള്ള ആ​ക്രമണത്തിലാണ് പരിക്ക്. വലതു ചെവിയുടെ താഴെയായാണ് തലയോട്ടി തകർന്നത്. കണ്ണിനും മർദനമേറ്റ അടയാളങ്ങളുണ്ട്. മൂക്കിനും ഇടതുവശത്തെ കണ്ണിനു താഴെയും ആഴത്തിലുള്ള മുറിവുണ്ട്. നെഞ്ചിലേറ്റ മർദനത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്​റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. നഞ്ചക്ക് പോലു‍ള്ള ആ‍യുധം കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നുണ്ട്. തലക്കേറ്റ ക്ഷതമാണ് മരണകാരണം. ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ല ഷഹബാസ്.തലക്ക് സാരമായി പരിക്കേറ്റ ഷഹബാസ് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വാടക വീട്ടിൽ നിന്ന് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുമ്പോഴാണ് കുടുംബത്തിന് തീരാവേദന സമ്മാനിച്ച് ഷഹബാസിന്റെ മടക്കം. മോഡൽ പരീക്ഷയിൽ മികച്ച മാർക്ക്‍ വാങ്ങി എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ കാത്തിരിക്കുമ്പോഴാണ് മരണം ഈ രൂപത്തിൽ ഷഹബാസിനെ തട്ടിയെടുത്തത്. മകൻ ഇനി ജീവനോടെയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഷഹബാസിന്റെ ഉമ്മ റംസീനക്കും ഉപ്പ ഇക്ബാലിനും സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. അഞ്ചുപേരെയും ജുവനൈൽ ഹോമിൽ ഹാജരാക്കി. അവർക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുമതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Information in Shahbas's post mortem report is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.