പ്രതികളായ ഷാനിഫും അശ്വതിയും

ആർക്കും വേണ്ടാതെ കുഞ്ഞു മൃതദേഹം കൊച്ചിയിലെ മോർച്ചറിയിൽ... സംസ്കാരം പൊലീസ് നടത്തും

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ 10 നാളായി ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തണുത്ത് മരവിച്ച് കിടക്കുന്നുണ്ട്... സ്വന്തം അമ്മയുടെയും അമ്മയുടെ കാമുകന്റെയും ക്രൂരമായ മർദനമേറ്റുവാങ്ങി പിടഞ്ഞുമരിച്ച ഇളംപൈതൽ. ഉറ്റവരാരും ഏറ്റെടുത്ത് സംസ്കരിക്കാൻ തയാറല്ലാത്തതിനാൽ ഒടുവിൽ പൊലീസുകാർ അന്തചടങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ്.

കൊച്ചി എളമക്കര കറുകപ്പിള്ളിയിൽ അമ്മ അശ്വതി, ആൺസുഹൃത്ത് കണ്ണൂർ ചക്കരക്കല്ല് സ്വദേശി ഷാനിഫ് എന്നിവർ ചേർന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാനാണ് ബന്ധുക്കളാരുമില്ലാത്തത്. പിതാവുമായും അമ്മയുടെ കുടുംബവുമായും ഷാനിഫിന്‍റെ കുടുംബവുമായും പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ ഇവരാരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംസ്കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. നാളയോ മറ്റന്നാളോ സംസ്കാരം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാനിഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അശ്വതിയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം ഷാനിഫും അശ്വതിയും ചേർന്ന് കൊലപ്പെടുത്തിയത്. ഒരുമിച്ചുള്ള ജീവിതത്തിന് ഈ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഇത്തരമൊരു ക്രൂരതയ്ക്ക് തുനിഞ്ഞതെന്നും പറയുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്.

കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നുവെന്നും അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്ന വിവരം അമ്മ മറച്ചുവെച്ചുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചത് സ്വാഭാവിക മരണം ഉറപ്പുവരുത്താനായിരുന്നെന്നും നേരത്തെ കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കേറ്റിരുന്നെന്നും പൊലീസ് പറയുന്നു.

മരണം ഉറപ്പാക്കാന്‍ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചിരുന്നു. കുഞ്ഞ് ജനിച്ച അന്നുമുതല്‍ ഷാനിഫ് നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കുഞ്ഞ് ബാധ്യതയാണെന്നും ഒഴിവാക്കണമെന്നും ഉദ്ദേശിച്ചാണ് കറുകപ്പള്ളിയിലെ ലോഡ്ജില്‍ അശ്വതിയുമായി ഇയാള്‍ മുറിയെടുത്തത്. ഇവിടെവച്ചാണ് തന്റെ കാല്‍മുട്ടില്‍ തല ഇടിപ്പിച്ചും കുഞ്ഞിന്റെ നെഞ്ചിലിടിച്ചും ഇയാള്‍ കൊലപ്പെടുത്തിയത്.

Tags:    
News Summary - Infant brutally murdered in Kochi lodge by mother and boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.