തൃശൂർ: അനർഹമായ റേഷൻ കാർഡുകൾ ഓൺലൈൻ അപേക്ഷയിലൂടെ മാറ്റിയവർക്ക് 'പാരിതോഷിക'മായി അന്യായ പിഴ. അക്ഷയയിലൂടെയും ഓൺലൈനിലുമായി കാർഡ് മാറിയവരിൽനിന്ന് നേരത്തെ വാങ്ങിയ അനർഹമായ റേഷൻ വിഹിതത്തിന് പതിനായിരക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കുന്നത്. രണ്ടുരൂപക്ക് ലഭിക്കുന്ന അരിക്ക് 40ഉം ഗോതമ്പിന് 29ഉം ആട്ടക്ക് 36ഉം രൂപയാണ് പിഴ ചുമത്തുന്നത്. കോവിഡ് കാലത്ത് കേന്ദ്രസർക്കാർ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ നൽകിയ അഞ്ചുകിലോ അരിക്കുവരെ പിഴ ചുമത്തുന്നുണ്ട്.
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാറണമെന്ന് അനൗദ്യോഗികമായി പൊതുവിതരണ വകുപ്പിന്‍റെ നിർദേശമുണ്ട്. അതേസമയം, 1966ലെ കേരള റേഷനിങ് ഓർഡറിന് (കെ.ആർ.ഒ) പകരം 2021 ഫെബ്രുവരിയിൽ നടപ്പാക്കിയ കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ട് (കെ.ടി.പി.ഡി.എസ്) നിലവിൽ വന്നതോടെയാണ് അനർഹരിൽനിന്ന് പിഴ ഈടാക്കുന്നത് നിയമപരമായി പ്രാബല്യത്തിൽ വന്നത്.
ജൂൺ 30 വരെ പിഴകൂടാതെ അനർഹ കാർഡുകൾ മാറ്റുന്നതിന് കോവിഡ് കാലഘട്ടത്തിൽ ഇത് സാധ്യമാവാതെ വന്നതോടെ ജൂലൈ 15 വരെ സമയം നീട്ടിനിൽകി. സമയപരിധിക്കുശേഷം ഇത്തരം കാർഡുകൾ പിടിച്ചെടുക്കുന്നതിന് നടപടി തുടങ്ങി. ഈ ഘട്ടത്തിൽ പിഴ ഈടാക്കൽ തുടങ്ങിയിരുന്നില്ല. പരിശോധന കർശനമായ 2021 ജൂലൈ 15ന് പിന്നാലെ ആയിരക്കണക്കിന് പേർ കാർഡുകൾ ഓൺലൈനായി മാറ്റുന്നതിന് അപേക്ഷ നൽകി. .
കാർഡ് മാറ്റിയവർ 2021 ഫെബ്രുവരി മുതൽ വാങ്ങിയ റേഷൻ വിഹിതത്തിന്റെ പിഴ നൽകണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, സെപ്റ്റംബറിനുമുമ്പ് പരിശോധനയിൽ നിർബന്ധിത കാർഡ് മാറ്റലിന് വിധേയമായവർക്ക് പിഴയുമില്ല. കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ് ഓൺലൈനിൽ റേഷൻകാർഡ് മാറ്റിയ ഉടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.