ശുഹൈബ് വധം; 17 പ്രതികളുടെ ജാമ്യം തുടരും

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതികളായ 17 സി.പി.എം പ്രവർത്തകരും ജാമ്യത്തിൽ തുടരും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയുടെ (മൂന്ന്) ഉത്തരവ് സ്റ്റേ ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി, പ്രതികൾ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി.

സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽനിന്ന് അഭിഭാഷകർ വിട്ടു നിൽക്കുകയും പ്രതികൾ ഇതിനെ അനുകൂലിക്കുകയും ചെയ്തുവെന്ന പേരിൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത നടപടി ചോദ്യം ചെയ്തും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ ഹരജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തീർപ്പാക്കിയത്.

സാക്ഷി വിസ്താരത്തിനിടെ ക്രോസ് വിസ്താരം മാറ്റിവെക്കാൻ ഹരജിക്കാരുടെ അഭിഭാഷകൻ അഭ്യർഥിക്കുകയും പ്രതികൾ ഇതേ നിലപാട് ആവർത്തിക്കുകയും ചെയ്തതോടെ സെഷൻസ് ജഡ്ജി ‘ക്രോസ് ചെയ്യുന്നില്ല’ എന്ന് രേഖപ്പെടുത്തി വിചാരണ തുടരാൻ നിർദേശിക്കുകയും പ്രതികളുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു. ഇതേതുടർന്നാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.

ജാമ്യം റദ്ദാക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യ നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ ഹൈകോടതി, ബന്ധപ്പെട്ട സെഷൻസ് കോടതിയിൽനിന്ന് വിശദീകരണം തേടുകയും ജാമ്യം റദ്ദാക്കൽ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. മുദ്രവെച്ച കവറിൽ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി നൽകിയ വിശദീകരണം സ്വീകരിച്ച കോടതി, നിലവിൽ ജാമ്യത്തിൽ കഴിയുന്ന പ്രതികളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഹരജി തീർപ്പാക്കിയത്.

Tags:    
News Summary - Shuhaib murder case: Bail of 17 accused to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.