കോഴിക്കോട്: മീഡിയവണിന്‍റെ പേരിൽ വ്യാജ വാർത്താകാർഡുകൾ പ്രചരിപ്പിച്ച എസ്.ഡി.പി.ഐ നേതാവ് ഉൾപ്പടെ രണ്ടു പേർക്കെതിരെ കേസ്. സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ എസ്.ഡി.പി.ഐ നേതാവ് ഷഹീർ യൂസഫ്, ഷിഹാബ് കാളമുറി എന്നിവർക്കെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്.
മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് നൽകിയ പരാതിയിലാണ് നടപടി. ഷഹീർ യൂസഫ് എസ്.ഡി.പി.ഐ പള്ളുരുത്തി ഈസ്റ്റ് കോർപറേഷൻ വൈസ് പ്രസിഡന്‍റും എസ്.ഡി.ടി.യു എറണാകുളം ജില്ല സെക്രട്ടറിയുമാണ്. ഷിഹാബ് കാളമുറി ഇടതുപക്ഷ പ്രവർത്തകനുമാണ്. 'വി.ഡി സതീശന്‍ ആർ.എസ്.എസിന്റെ കൈയ്യാൾ' എന്നായിരുന്നു വ്യാജ കാർഡ്. ഈ വ്യാജ കാർഡിൽ മീഡിയവണിന്‍റെ ലോഗോയും മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ പേരും ഫോട്ടോയും ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഫോട്ടോയും വ്യാജ വാർത്താകാർഡിൽ ഉപയോഗിച്ചിരുന്നു.
'സമൂഹത്തിൽ സ്പർധയും വൈര്യവും ഉണ്ടാക്കുന്ന തരത്തിൽ പരാതിക്കാരന്റെ ഫോട്ടോയും സ്ഥാപനത്തിന്റെ ലോഗോയും ഉപയോഗിച്ച് പോസ്റ്റർ തയാറാക്കി വ്യാജപ്രചരണം നടത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്'. ഭാരതീയ ന്യായസംഹിത 192 പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.