ഒറ്റപ്പാലം: 85 വർഷം പഴക്കമുള്ള പാലപ്പുറം ഹാൾട്ട് റെയിൽവേ സ്‌റ്റേഷൻ ഇനി ചരിത്രം. 1939 ൽ തുടങ്ങിയ റെയിൽവേ സ്റ്റേഷനാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൂട്ടിയത്. ഇവിടെയുള്ള സ്‌റ്റോപ്പുകളും റെയിൽവേ നിർത്തി. പ്രവർത്തനം നിർത്തി ഒന്നരവർഷം പിന്നിടുമ്പോൾ പാലപ്പുറം റെയിൽവേ പ്ലാറ്റ്ഫോം പൊളിച്ചുനീക്കി.
റെയിൽവേ സ്റ്റേഷനിൽ ചെറിയ ടിക്കറ്റ് കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. 2024 ഒക്ടോബർ 29ന് മുമ്പുണ്ടായിരുന്ന ഏജന്റിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് റെയിൽവേ കമേഴ്സ്യൽ വിഭാഗം ഇടപെട്ട് ജീവനക്കാരെ നിയോഗിച്ചു. ഡിസംബർ വരെയായിരുന്നു അവരുടെ പ്രവർത്തനം. ഇതോടെ ഏജന്റിനെ കണ്ടെത്താൻ റെയിൽവേ ശ്രമങ്ങൾ നടത്തിയെങ്കിലും പാഴായി. തുടർന്ന് പുതിയ ഏജന്റിനെ കിട്ടാതായതോടെ 2025 ജനുവരി ഒന്നിന് സ്റ്റേഷന് താഴുവീണു.
താഴുവീണതോടെ ഒറ്റപ്പാലം പാലപ്പുറത്തെ ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. സ്റ്റേഷൻ പുനഃസ്ഥാപിക്കാനുള്ള സാധ്യതയെല്ലാം അടഞ്ഞതോടെ റെയിൽവേ പ്ലാറ്റ്ഫോം പൊളിച്ചുനീക്കി. അതേസമയം, ഇതേകാലത്ത് പൂട്ടിയിരുന്ന കോഴിക്കോട്ടെ വെള്ളറക്കാട്, കണ്ണൂരിലെ ചിറയ്ക്കൽ ഹാൾട്ട് സ്റ്റേഷനുകൾ പിന്നീട് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു. അപ്പോഴും പാലപ്പുറം റെയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ പച്ചക്കൊടി വീശിയില്ല.
ഭൂരിഭാഗം റെയിൽവേ ടിക്കറ്റുകളും ഓൺലൈൻ വഴിയായതോടെ ഏജന്റുമാരുടെ വരുമാനം കുറഞ്ഞു. അതോടെ ഏജന്റുമാർ വരാതെയായി. പിന്നീട് അത് സ്റ്റേഷൻ നടത്തിപ്പിലെ പ്രതിസന്ധിയായി. മുമ്പ് പ്രദേശത്തെ നാട്ടുകാരും കേന്ദ്രീയ വിദ്യാലയത്തിലേക്ക് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നവർക്കും ഭാരതപ്പുഴയുടെ അക്കരെയുള്ള കുത്താമ്പുള്ളി നെയ്ത്തു ഗ്രാമത്തിലെ വസ്ത്രവ്യാപാരികൾക്കും പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഉപകാരപ്രദമായിരുന്നു.
പ്ലാറ്റ്ഫോം പൊളിച്ചതിന് പിന്നാലെ ട്രാക്കിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വഴിയും റെയിൽവേ അടച്ചത് ആശങ്കക്കിടയാക്കി. റോഡ് അവസാനിക്കുന്ന ഭാഗത്താണ് ഉരുക്കുതൂണുകൾ സ്ഥാപിച്ച് വഴിയടക്കുകയും മണ്ണിട്ട് ഉയർത്തുകയും ചെയ്തത്. ഇതോടെ പ്രദേശത്തുള്ളവരുടെ സഞ്ചാരമാർഗമാണ് ഇല്ലാതായത്.
അതേസമയം, സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതോടെ പ്രദേശത്തെ ബി.ജെ.പി നേതാക്കൾ സന്ദർശനം നടത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിഷയം ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അനുകൂല മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതെന്നും ബിജെപി അറിയിച്ചു.
ഒരു റെയിൽവേ ലൈനിൽ പ്രധാനപ്പെട്ട സ്റ്റേഷനുകൾക്കിടയിലുള്ള സൗകര്യം കുറഞ്ഞ ചെറിയ റെയിൽവേ സ്റ്റേഷനുകളെയാണ് ഹാൾട്ട് സ്റ്റേഷൻ എന്ന് പറയുന്നത്. ഇത്തരം സ്റ്റേഷനുകളിൽ ടിക്കറ്റ് നൽകുന്നതിനോ മറ്റു സൗകര്യങ്ങളോ ഉണ്ടാവില്ല. പ്ലാറ്റ്ഫോമുകൾ ചെറുതായിരിക്കും. ചിലയിടങ്ങളിൽ ട്രെയിൻ കയറാനും ഇറങ്ങാനുമുള്ള ചെറിയ പ്ലാറ്റ്ഫോം മാത്രമുണ്ടാവും.
ലോക്കൽ ട്രെയിനുകൾ, പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തുക. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ നിർത്താറില്ല. ടിക്കറ്റ് ബുക്കിങ്, സ്റ്റേഷൻ പരിപാലനം എന്നിവക്ക് സ്ഥിരമായി ജീവനക്കാരില്ല. മുൻകാലങ്ങളിൽ പ്രാദേശികമായി ടിക്കറ്റ് വിതരണം ചെയ്തെങ്കിലും പല ഹാൾട്ട് സ്റ്റേഷനുകളുടെയും പ്രവർത്തനം റെയിൽവേ അവസാനിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.