ഉള്ള്യേരി: ഓരോ ഗ്രാമത്തിനുമുണ്ട് സ്വാതന്ത്ര്യസമരത്തിെൻറ ഒരുപിടി ഓര്‍മകള്‍. അവ പങ്കുവെക്കാനും പുതുതലമുറക്ക് പകര്‍ന്നുകൊടുക്കാനും കാലം കൊതിക്കും. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ദേശാഭിമാനികള്‍ പൊളിച്ചുമാറ്റിയ ഉള്ള്യേരിയിലെ മരപ്പാലവും അതിെൻറ ചരിത്രവും പുതുതലമുറക്ക് ഏറക്കുറെ അന്യമാണ്. പുതുക്കിപ്പണിത കോണ്‍ക്രീറ്റ് പാലത്തിനടിയിലൂടെ ഒഴുകുന്ന മാതംതോടിന് ത്യാഗോജ്ജ്വലമായ സമരത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ടാവും.
ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ഭാഗമായി കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ് ഉള്ള്യേരിയിലെ പാലം പൊളിക്കേസ്. ഒപ്പം കൊക്കല്ലൂരിലെയും ഉള്ള്യേരിയിലെയും അംശക്കച്ചേരികളും കുന്നത്തറയിലെ സര്‍ക്കാര്‍ ആലയും തീയിട്ടത് ഉള്ള്യേരിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഒളിമങ്ങാത്ത ഓര്‍മകളാണ്. മൂന്ന് ചെമ്മണ് റോഡുകള്‍ സന്ധിക്കുന്ന കവലയായിരുന്നു ഉള്ള്യേരി മുക്ക്. കോഴിക്കോട് നിന്ന് അകലാപ്പുഴ വഴി വരുന്ന ചരക്കുകള്‍ കണയങ്കോട് കടവില്‍ എത്തിച്ചശേഷം കാളവണ്ടിയിലാണ് ഉള്ള്യേരി വഴി കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. തിരിച്ച് വയനാടന്‍ ഭാഗങ്ങളില്‍ നിന്നും കപ്പയും മലഞ്ചരക്കും കൊണ്ടുപോയിരുന്നതും ഇതുവഴിയായിരുന്നു.
ഉള്ള്യേരി മുക്കിലെ മരപ്പാലം കടന്നായിരുന്നു ഈ യാത്രകളെല്ലാം. യാത്രികരുടെ ഇടത്താവളവുമായിരുന്നു ഇവിടം. പോരാളികള്‍ ഈ പാലം പൊളിച്ചത്തിനുപിന്നില് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. യുദ്ധകാലത്ത് ബ്രിട്ടീഷുകാരുടെയും െപാലീസിെൻറയും വാഹനങ്ങള്‍ ഓടിക്കുന്നതിന് ആവശ്യമായ മരക്കരി പശ്ചിമഘട്ടപ്രദേശങ്ങളില് നിന്ന് കൊണ്ടുപോയിരുന്നത് ഈ മരപ്പാലം വഴിയായിരുന്നു. പാലം പൊളിക്കുന്നതിലൂടെ മലയോരവും കടല്‍ക്കരയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കലായിരുന്നു ലക്ഷ്യം.
പഞ്ചായത്ത് ഓഫിസിനു സമീപത്തെ വീട്ടില്‍ നടന്ന യോഗത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. മാധവന് നമ്പ്യാര്‍, കീഴാച്ചേരി കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ ഉണ്ടായിരുന്നു. 1942 ആഗസ്റ്റ് 19ന് അർധരാത്രിയോടെയാണ് എന്‍.കെ. ദാമോദരന്‍ നായരുടെ നേതൃത്വത്തില്‍ പത്തോളം പേരുള്ള സംഘം പാലം പൊളിച്ചത്. മരപ്പാലത്തിെൻറ പലകകള്‍ ഉറപ്പിച്ച ഇരുമ്പ് ബീമുകള്‍ അടക്കം അഴിച്ചുമാറ്റി വലിച്ചെറിഞ്ഞു. പിക്കാസ് ഉപയോഗിച്ച് മരപ്പലകകള്‍ പൊളിച്ചുമാറ്റി.
അങ്ങാടിയിലെ തപാല്പെട്ടിയും വഴികാണിക്കാന്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും ബ്രിട്ടീഷ് അനുകൂല നോട്ടീസുകളും നശിപ്പിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്. അല്പസമയത്തിനകം മരച്ചീനിയുമായി താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന കാളവണ്ടിക്കാരനാണ് വിവരം പുറംലോകത്തെ അറിയിച്ചത്.
ഇയാളില്‍ നിന്ന് വിവരം ലഭിച്ച സ്ഥലം അധികാരി സംഭവം െപാലീസിനെ അറിയിച്ചു. പ്രതികളെ പിടികൂടും വരെ ഉള്ള്യേരിയിലും പരിസരങ്ങളിലും െപാലീസ് നിരപരാധികളെപോലും വേട്ടയാടി. ചിലര്‍ പിടികൊടുക്കാതെ ഒളിവില്‍ പോയി. പ്രതികളെക്കുറിച്ച് വിവരം ലഭിച്ച െപാലീസ് ദിവസങ്ങള്‍ക്കകം പലരെയും വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു.
എം.എസ്.പിക്കാര്‍ ഇവരെ കൊടിയ പീഡനത്തിനിരയാക്കി. നാലുവര്‍ഷവും ഒരുമാസവും തടവ്ശിക്ഷ ലഭിച്ച പത്തുപേരെ ബെല്ലാരിയിലെ ആലിപുരം ജയിലിലേക്ക് മാറ്റി. പേക്ഷ, ഏതുസമരങ്ങള്ക്കും സംഭവിക്കുന്നപോലെ ചില തിരുത്തലുകള്‍ ഈ സമരത്തിലും ഉണ്ടായി. പൊളിക്കല്‍ സമരത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് ചരിത്രത്തില്‍ ഇടംകിട്ടാതെ പോയി. പുളിക്കൂല്‍ കോയക്കുട്ടിയും പൂവമുള്ളതില്‍ പടച്ചോന് തെയ്യോനും ഇങ്ങനെ പടിക്കുപുറത്ത് നിര്‍ത്തപ്പെട്ടവരാണ്. പങ്കെടുത്ത പലര്‍ക്കും രേഖകൾ ഇല്ലാതായി. പടച്ചോന് തെയ്യോന്‍ കഴിഞ്ഞമാസം മരിച്ചതോടെ സമരത്തിൽ ഒടുവിലത്തെ കണ്ണിയും ഓര്‍മയായി.
ഉള്ള്യേരിയിലെ അംശക്കച്ചേരി തീയിടാന്‍ ചെന്നപ്പോള്‍ അവിടെ രാത്രിയില്‍ താമസിച്ചിരുന്ന വില്ലേജ്മാനും സര്‍വേയറും രക്ഷിക്കണമെന്ന് പറഞ്ഞതോടെ ദൗത്യം പിറ്റേദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇവരില്‍ നിന്ന് വിവരമറിഞ്ഞ െപാലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട ദാമോദരന്‍ നായര്‍ പിറ്റേദിവസം തന്നെ കച്ചേരി അഗ്നിക്കിരയാക്കിയതും ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.