കോഴിക്കോട്: ആർ.എസ്.എസും ബി.ജെ.പിയും നരേന്ദ്ര മോദിയുമല്ല ഇന്ത്യയെന്നും എത്ര പൊലീസിനെ വീട്ടിലേക്ക് വിട്ടാലും എത്ര കേസുകൾ ചുമത്തിയാലും ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി എം.പി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ എന്നത് ബി.ജെ.പിയും സംഘ്പരിവാരും എപ്പോഴും മറന്നുപോവുകയാണ്. പ്രധാനമന്ത്രി ഒരു വ്യക്തി മാത്രമാണ്. പ്രധാനമന്ത്രിയെയും ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനും ‘കൈത്താങ്ങ്’ പദ്ധതിയിൽ നിർമിച്ച ആറ് വീടുകളുടെ താക്കോൽ ദാനവും മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
ഞാൻ പറയുന്നതൊന്നും നിർത്തില്ല. പലരും ഭയപ്പെട്ടേക്കും. ഏതറ്റംവരെ പോയാലും ഞാൻ ഭയപ്പെടില്ല. സത്യത്തിൽ വിശ്വസിക്കുന്നതിനാലാണ് ഭയമില്ലാത്തത്. കളവിന്റെ തടവറയിലുള്ളവർക്ക് സത്യത്തെ മനസ്സിലാവില്ല. സത്യം എല്ലായിടത്തും സത്യമാണ്. ആർ.എസ്.എസും ബി.ജെ.പിയും കേന്ദ്ര സർക്കാറും ഇന്ത്യയെന്ന ആശയത്തെയും ജനാധിപത്യ സ്ഥാപനങ്ങളായ പാർലമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവയെയുമെല്ലാം ആക്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാൻ എല്ലാവരും രംഗത്തുവരണം. ഭാരത് ജോഡോ യാത്രയിൽ ഓരോ ദിവസവും എട്ടുമണിക്കൂറോളം ആളുകളെ കേൾക്കുകയും പരമാവധി 20 മിനിറ്റുമാത്രം സംസാരിക്കുകയുമാണ് ചെയ്തത്. സ്വന്തം ആശയം തുറന്നുപറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടാവണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നതടക്കം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധയിടങ്ങളിലായി നിർമിച്ച ആറ് വീടുകളുടെ താക്കോൽ രാഹുൽ കുടുംബങ്ങൾക്ക് കൈമാറി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, കെ.സി. അബു, സൂഫിയാൻ തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, കെ.കെ. അബ്രഹാം, എ. ബാലനാരായണൻ, ടി.ടി. ഇസ്മായിൽ, എം.എ. റസാഖ്, അഡ്വ. പി.എം. നിയാസ്, കെ. ജയന്ത്, വി.എസ്. ജോയ്, എൻ. സുബ്രഹ്മണ്യൻ, പി.എം. ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. സി.കെ. കാസിം സ്വാഗതവും കെ.ടി. മൻസൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.