ന്യൂഡൽഹി: അയ്യപ്പന്റെ യഥാർഥ ഭക്തരായ സ്ത്രീകൾ ശബരിമല ദർശനത്തിന് തങ്ങൾക്ക് 50 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുമെന്ന് സുപ്രീംകോടതി. ശബരിമല കേസുമായി ബന്ധപ്പെട്ട് മത സ്വാതന്ത്ര്യത്തിന്റെ പരിധി ഭരണഘടനാപരമായി വ്യാഖ്യാനിക്കുമ്പോൾ മതനിർമാർജനം ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. 2018ലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിക്കും കനക ദുർഗക്കും വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് നടത്തിയ വാദത്തിനിടയിലാണ് സുപ്രീംകോടതിയുടെ അഭിപ്രായ പ്രകടനം.
10നും 50നുമിടയിൽ പ്രായമുള്ള യഥാർഥ ഭക്തകൾ ശബരിമലയിൽനിന്ന് അകന്നുനിൽക്കുമെന്നും ഒമ്പതംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രം നമുക്ക് അവഗണിക്കാനാവില്ല. ജീവിക്കുന്ന ഒരു ഭരണഘടനയുണ്ടെന്നത് ശരി. എന്നാൽ, ഭൂതകാലം നാം മറക്കരുത്. ഭൂതമാണ് വർത്തമാനത്തെയുണ്ടാക്കുന്നത്. സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ മതത്തെ പുറന്തള്ളാനാവില്ലെന്നും ജസ്റ്റിസ് നാഗരത്ന തുടർന്നു. 2018ലെ വിവാദ ഭൂരിപക്ഷ വിധി വന്നപ്പോഴും ബെഞ്ചിലെ ഏക വനിതയായിരുന്ന ഇന്ദു മൽഹോത്രയാണ് സ്ത്രീപ്രവേശനത്തിനെതിരായ ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചിരുന്നത്. പിന്നീട് പുനഃപരിശോധനാ ഹരജിയിൽ ആ നിലപാട് മറ്റുള്ളവരും അംഗീകരിച്ചു.
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം, തനിക്ക് വിശ്വാസമുള്ള പൊതു ആരാധനാ സ്ഥലത്ത് അവിടെ വരുന്ന ഭൂരിഭാഗം ഭക്തരെയും അസ്വസ്ഥരാക്കുന്ന തരത്തിൽ ഒരു വ്യക്തിക്ക് ആരാധനക്കായി പോകാൻ കഴിയുമോ എന്ന് ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ചോദിച്ചു. ഒരു മൂർത്തിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ മൂർത്തിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ തള്ളിക്കളയാനാകുമോ എന്നതാണ് ചോദ്യം. മറ്റുള്ളവർക്ക് വേദനിച്ചാലും തന്റെ വഴിയിൽ പോകുമെന്നതാണോ താങ്കളുടെ നിലപാട് എന്നും ജസ്റ്റിസ് അമാനുല്ല ഇന്ദിര ജയ്സിങ്ങിനോട് ചോദിച്ചു. ജസ്റ്റിസ് അമാനുല്ല ചോദിച്ചത് ശരിയാണെന്നും ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എം.എം. സുന്ദരേഷ് പറഞ്ഞു.
ഒരു ആരാധനാസ്ഥലത്ത് പൊതുവായ വിശ്വാസത്തിനെതിരായി ഓരോരുത്തരും ചെയ്യാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? പിന്നെന്താണവിടെ അവശേഷിക്കുക? മതമെന്ന സങ്കൽപത്തെതന്നെ ദുരന്തപൂർണമാക്കുന്ന വ്യാഖ്യാനമാണിതെന്നും സുന്ദരേഷ് ഓർമിപ്പിച്ചു. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് 2018ൽ ഒന്നിനെതിരെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷത്തിൽ വിധി പുറപ്പെടുവിച്ചിരുന്നു. കേരളത്തിലുടനീളം വൻ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വിഴിവെച്ച വിധിക്ക് പിന്നാലെയായിരുന്നു ബിന്ദുവിന്റെയും കനകദുർഗയുടെയും മലകയറ്റം. എന്നാൽ, 2018ലെ വിവാദ വിധി അതേ ബെഞ്ചിലെ ജഡ്ജിമാർ നിലപാട് മാറ്റി 2019ലെ പുനഃപരിശോധനാ ഹരജിയിലെ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കി. ആ വിധിയിലാണ് ശബരിമല കേസിലുൾപ്പെട്ട എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിശ്വാസപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച ഭരണഘടനാ തർക്കം ഒമ്പതംഗ ബെഞ്ചിന് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.