തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന്‍റെ മുന്നോടിയായി ഗവർണർ രാജേന്ദ്ര അർലെക്കറെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരിൽ കണ്ട് സ്പീക്കർ എ.എൻ ഷംസീർ. ലോക്ഭവനിൽ എത്തിയാണ് ഗവർണറെ കണ്ടത്.
സ്പീക്കർക്ക് ഗവർണർ ആശംസ നേർന്നു. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തിയാണ് സ്പീക്കർ കണ്ടത്. സഭാനടത്തിപ്പിൽ സർക്കാർ ഭാഗത്തുനിന്നുണ്ടായ സഹകരണത്തിന് സ്പീക്കർ നന്ദി പറഞ്ഞു. വ്യാഴാഴ്ച കണ്ണൂരിലേക്ക് മടങ്ങുന്നതോടെ സ്പീക്കർ ഔദ്യോഗികമായി നിയമസഭയോട് വിട പറയും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മേയ് അഞ്ചിനോ ആറിനോ തിരുവനന്തപുരത്തെത്തി ഔദ്യോഗിക വസതി ഒഴിയും. പദവി ഒഴിയുന്നതിന് മുന്നോടിയായി സ്പീക്കർ എ.എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർക്ക് ചൊവ്വാഴ്ച നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ യാത്രയയപ്പ് നൽകി.
സ്പീക്കർ പടിയിറങ്ങിയാലും അദ്ദേഹത്തിന്‍റെ പേഴ്സനൽ സ്റ്റാഫ് അടുത്ത സ്പീക്കറുടെ തെരഞ്ഞെടുപ്പ് വരെ തുടരും. സർക്കാറിന്‍റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ മന്ത്രിമാരും ഓഫിസ് ഒഴിയുന്ന തിരക്കിലാണ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മിക്ക മന്ത്രിമാരും പേഴ്സനൽ സ്റ്റാഫും സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി. വ്യാഴാഴ്ചയോടെ ഭൂരിഭാഗം മന്ത്രിമാരും ഔദ്യോഗികമായി പടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.