കെമിസ്ട്രി ചോദ്യപേപ്പറിലെ തെറ്റുത്തരം ഉത്തര സൂചികയിൽ തിരുത്തി

തിരുവനന്തപുരം: പരീക്ഷയുടെ ചോദ്യത്തിലും ഉത്തര സൂചികയിലും വൈരുധ്യം. ഉത്തര സൂചിക മാറ്റിയതിനെതിരെ കെമിസ്ട്രി അധ്യാപകർ മൂല്യനിർണയ ബഹിഷ്ക്കരണ സമരം പ്രഖ്യാപിച്ചതിനെ പ്രതിരോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് ചോയ്സ് ഉത്തരത്തിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ഉത്തര സൂചിക തയാറാക്കി നൽകിയത്. ഈ പിഴവുപോലും പരിഹരിക്കാത്ത സൂചികയാണ് പരീക്ഷ മൂല്യനിർണയത്തിനായി വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

ചോദ്യപേപ്പറിലോ ഉത്തര സൂചികയിലോ പിഴവില്ലെന്നാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞത്. എന്നാൽ, കെമിസ്ട്രി പരീക്ഷയുടെ 13ാം ചോദ്യത്തിലും അതി‍െൻറ ഉത്തരത്തിലുമാണ് വൈരുധ്യം.

തണുത്ത ആഹാര പദാർഥങ്ങളിലും ലഘുപാനീയങ്ങളിലും ഉപയോഗിക്കുന്ന കൃത്രിമ മധുര പദാർഥം ഏതെന്നായിരുന്നു ചോദ്യം. ഉത്തരങ്ങളിൽ നാല് ചോയ്സ് നൽകിയത് BHT, Aspartase, Sodium benzoate, Ranitidine എന്നിവയായിരുന്നു. ചോദ്യം തയാറാക്കിയ അധ്യാപകൻ സമർപ്പിച്ച സൂചികയിൽ 'Aspartame' എന്നാണ് ഉത്തരമായി രേഖപ്പെടുത്തിയിരിക്കുന്നത്. ചോദ്യത്തിലെ രണ്ടാമത്തെ ചോയ്സി‍െൻറയും ഉത്തര സൂചികയിലെ ഉത്തരത്തി‍െൻറയും സ്പെല്ലിങ്ങിൽ മാറ്റമുണ്ട്.

ചോദ്യപേപ്പറിലെ ഉത്തരത്തിൽ പിഴവുള്ളതിനാൽ ഒട്ടുമിക്ക വിദ്യാർഥികളും ഉത്തരം എഴുതിയില്ലെന്ന് അധ്യാപകർ പറയുന്നു. 'Aspartate' എന്ന പേരിൽ അമിനോ ആസിഡുള്ളതും ചില അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റ് പോലും പദാർഥം മാറാൻ ഇടയാക്കുമെന്നും ഇത് പരിഗണിക്കാതെയാണ് ചോദ്യം തയാറാക്കിയ അധ്യാപക‍െൻറ ഉത്തര സൂചിക അടിച്ചേൽപിച്ചതെന്നും അധ്യാപകർ പറയുന്നു.

ഇതിനുപുറമെ നോൺ ഫോക്കസ് ഏരിയ (പഠനത്തിൽ ഊന്നൽ നൽകേണ്ടതില്ലാത്ത) ആയി വിദ്യാഭ്യാസ വകുപ്പ് തന്നെ ചൂണ്ടിക്കാണിച്ച പാഠഭാഗങ്ങളിൽനിന്ന് കുട്ടികളെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തി. ഇതുകൂടി പരിഗണിച്ചാണ് സ്കീം ഫൈനലൈസേഷനിൽ ഉത്തര സൂചികയിൽ മാറ്റങ്ങൾ വരുത്തിയതെന്നും അധ്യാപകർ പറയുന്നു.

ചോദ്യപേപ്പറും ഉത്തര സൂചികയും പരിശോധിച്ച് സ്കീം ഫൈനലൈസേഷനിൽ 12 അധ്യാപകർ ചേർന്ന് തയാറാക്കിയ അന്തിമ സൂചിക തള്ളിയാണ് ചോദ്യകർത്താവ് അയച്ചുനൽകിയത് ഉപയോഗിച്ചത്. സ്കീം ഫൈനലൈസേഷനിൽ ക്രമീകരിച്ചതിൽനിന്ന് വ്യത്യസ്തമായ സൂചിക മൂല്യനിർണയത്തിന് എത്തിയതോടെയാണ് കെമിസ്ട്രി അധ്യാപകർ കൂട്ടത്തോടെ മൂല്യനിർണയം ബഹിഷ്കരിച്ചത്. സൂചിക പുനഃക്രമീകരിച്ച 12 അധ്യാപകർക്ക് പരീക്ഷ സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകി.

പല ജില്ലകളിലും വെള്ളിയാഴ്ചയും കെമിസ്ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായിരുന്നു ബഹിഷ്കരണം. എൻജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കുന്നതിനാൽ കെമിസ്ട്രി പേപ്പർ ഇരട്ട മൂല്യനിർണയം നടത്തുന്നവയാണ്. ആദ്യ മൂല്യനിർണയം തന്നെ തടസ്സപ്പെട്ടത് ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിന് തടസ്സമാകുമെന്ന് ആശങ്കയുണ്ട്. ഫലം വൈകുന്നത് കേരളത്തിന് പുറത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കും.  

Tags:    
News Summary - incorrect answer in Chemistry question paper corrected in answer key

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.