1. കണിച്ചുകുളങ്ങര ബീച്ച് ജങ്ഷനു സമീപത്ത് കത്തുന്ന മിനിവാൻ 2. മരിച്ച രാജീവൻ
ചേർത്തല: തീരദേശ പാതയിൽ കണിച്ചുകുളങ്ങര ബീച്ച് ജങ്ഷനു സമീപം ടെംപോ ട്രാവലറിൽ കത്തിക്കരിഞ്ഞ നിലയിൽ ഡ്രൈവറുടെ മൃതദേഹം. ചന്തിരൂർ കളരിക്കൽ രാജീവനാണ് (45) മരിച്ചത്. ശനിയാഴ്ച പുലർച്ച 5.15ഓടെയാണ് സംഭവം. വാഹനത്തിെൻറ പിൻസീറ്റിലിരുന്ന രാജീവെൻറ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ചന്തിരൂർ സ്വദേശി അജയേൻറതാണ് വാഹനം. കണിച്ചുകുളങ്ങര പ്രദേശത്തുനിന്ന് അരൂരിലേക്കു ദിവസവും പീലിങ്ങിന് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ്. രാത്രി ഇവിടെ പാർക്ക് ചെയ്തശേഷം പിറ്റേന്ന് പുലർച്ച തൊഴിലാളികളെ കയറ്റി കമ്പനിയിൽ എത്തിക്കുന്ന വാഹനം ചെത്തിയിൽനിന്നാണ് ആദ്യം ആളെ എടുക്കുന്നത്. പുലർച്ച വാഹനം കത്തുന്നത് മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു തീയണച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് വാഹനം പാർക്ക് ചെയ്യാൻ കൊണ്ടുവന്നത്. ആ സമയം വാഹനത്തിൽ മറ്റൊരാളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
രാജീവന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുവിന് വിവാഹത്തിന് പണം നൽകാമെന്നു വാഗ്ദാനം നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു. തിരുവിഴ ബീച്ച് ജങ്ഷനിലെ പമ്പിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് കുപ്പിയിൽ പെട്രോൾ വാങ്ങിയതിെൻറ തെളിവും പൊലീസിന് ലഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഭാര്യ: സൗമ്യ. മക്കൾ: അനന്തകൃഷ്ണൻ, അനാമിക. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.