അനാരോഗ്യം: ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല

തിരുവനന്തപുരം: അനാരോഗ്യം കാരണം ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. നേരിയ പനിയും ശബ്ദതടസ്സവുമുള്ളതിനാൽ ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു. ക്ലിഫ് ഹൗസിൽ കഴിയുന്ന അദ്ദേഹം ഇന്നലെ ഉദ്ഘാടന ചടങ്ങിലും പ​ങ്കെടുത്തിരുന്നില്ല.

അതേസമയം, മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരളസഭാ ചടങ്ങിൽ വായിക്കും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന ലോക കേരളസഭാ സമ്മേളനം നാളെ സമാപിക്കും. 351 അംഗങ്ങളാണ് പ​ങ്കെടുക്കുന്നത്. സംസ്ഥാനത്തെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്‍റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ, വിവിധ പ്രവാസമേഖലയിലെ പ്രമുഖരടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളുമുണ്ടാകും.

മുഖ്യമന്ത്രിക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവടക്കം യു.ഡി.എഫ് എം.എൽ.എമാരും ശശി തരൂർ എം.പിയും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. സര്‍ക്കാർ നയത്തില്‍ പ്രതിഷേധിച്ച് ലോക കേരളസഭ ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫ് തീരുമാനം. പരിസ്ഥിതിലോല വിഷയത്തിലെ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാറിന്റെ നിർദേശംകൂടി ഉള്‍ക്കൊണ്ടാണെന്നും കര്‍ഷകരെ ആശങ്കയിലാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.

ലോകകേരള സഭയിൽ പങ്കെടുക്കുന്നതിന് പ്രതിപക്ഷനേതാവ് മുന്നോട്ടുവെച്ച ധൂർത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ട് സഭയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കുക, പ്രതിപക്ഷ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുക എന്നീ ഉപാധികൾ പരിഗണിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമരംചെയ്ത യു.ഡി.എഫ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്ന സാഹചര്യത്തില്‍ ലോക കേരളസഭയുമായി സഹകരിക്കുന്നതില്‍ അർഥമില്ല. എന്നാൽ, യു.ഡി.എഫ് അനുകൂല പ്രവാസിസംഘടനകൾക്ക് വിലക്ക് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Illness: Chief Minister Pinarayi Vijayan will not attend the Loka Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.