കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു കർണാടക ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെൻ്റ് സംക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രി കാസർകോട് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രികാല ട്രോളിങ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽനിന്നുള്ള ഓം ശ്രീ ജയസിദ്ധി, മൈത്രി-III എന്നീ ബോട്ടുടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴവിധിച്ചത്.
ഫിഷറീസ് അസി. ഡയറക്ടർ തസ്നിമ ബീഗത്തിൻ്റെ നിർദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്മെൻ്റ് വിങ്ങിലെ അർജുൻ, ശരത്കുമാർ, സീ റെസ്ക്യൂ ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, സേതുമാധവൻ, സ്രാങ്ക് ഷൈജു, ഡ്രൈവർ സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.