തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ വിവേകാനന്ദ കോളജിലെ അനധികൃത അധ്യാപക നിയമനങ്ങളെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാന് ഹരജി. കുന്നംകുളം സ്വദേശി ഡോ. സോയ ജോസഫാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സെക്രട്ടറി, കോളജ് പ്രിന്‍സിപ്പല്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഹരജി നല്‍കിയത്.
കോളജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രഫസറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിലേക്ക് മൂന്ന് പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അത് പ്രകാരം 2022 ജനുവരി ഒന്നിന് ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർഥി ജോലിയില്‍ പ്രവേശിച്ചു.
എന്നാല്‍, പിന്നീട് കോളജിലെ ഒഴിവുകള്‍ കാണിച്ച് വിജ്ഞാപനം ഇറക്കാതെ അതേ റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ രണ്ട് പേര്‍ക്ക് നിയമന ഉത്തരവ് നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് ഇതേ വിജ്ഞാപനപ്രകാരം ജോലിക്ക് അപേക്ഷിച്ച ഡോ. സോയ പരാതി നല്‍കിയത്.
2021 നവംബര്‍ 23നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2022 ഏപ്രില്‍ 28ലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് പ്രകാരം ഇനി വരുന്ന ഒഴിവുകളില്‍ ഒരു തസ്തിക അംഗപരിമിതര്‍ക്ക് നീക്കിവെക്കുന്നതിനും പിന്നീട് വരുന്ന രണ്ട് ഒഴിവുകളിലേക്ക് പത്രപരസ്യത്തിലൂടെ വിജ്ഞാപനം നല്‍കി നിയമനം നടത്തുന്നതിനുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി അതേ വര്‍ഷം നവംബര്‍ ഏഴിന് ഇംഗ്ലീഷ് ഓപണ്‍ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരി ദേവി രാജിനെ നിയമിച്ചു.
2021 നവംബറില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് 2022 ഡിസംബര്‍ 31ന് റദ്ദായി. കാലഹരണപ്പെട്ട ഈ ലിസ്റ്റില്‍നിന്ന് മൂന്നാം റാങ്കുകാരനെകൂടി നിയമിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 16നാണ് സമീര്‍ മേച്ചേരി ജോലിയില്‍ പ്രവേശിച്ചത്.
ഒരു തസ്തികയിലേക്ക് മാത്രമായി വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം രണ്ട് പേര്‍ക്കുകൂടി അതേ ലിസ്റ്റില്‍ നിന്നും ജോലി നല്‍കിയത് മറ്റ് ഉദ്യോഗാർഥികളോട് കാണിക്കുന്ന അവഗണനയും അനീതിയുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.