പാർട്ടിയിലെത്തിയവർക്ക് പരിഗണനയില്ല; സംസ്ഥാന ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു
തൊടുപുഴ: നിയമസഭ -തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പാർട്ടിയിൽ ചേക്കേറിയവർക്ക് പരിഗണന ലഭിക്കാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി. ഇടത് വലത് മുന്നണികളിൽനിന്ന, ബി.ജെ.പിയിലെത്തിയവരോടൊപ്പം സ്വതന്ത്ര പരിവേഷവുമായി പാർട്ടിയിലെത്തിയവരും കടുത്ത അതൃപ്തിയിലാണ്.
പരിഗണന ലഭിക്കുന്നില്ലെന്നും മുതിർന്ന നേതാക്കൾ ഫോൺ കeളുകൾക്ക് മറുപടി നൽകാറില്ലെന്നും ആരോപിച്ച് നടൻ ദേവൻ അടുത്തിടെ ബി.ജെ.പി വിട്ടിരുന്നു. മുൻ എം.എൽ.എമാരും പാർട്ടി ഭാരവാഹികളും അടക്കം നിരവധി പേരാണ് മാസങ്ങൾക്ക് മുമ്പ് വിവിധ ഘട്ടങ്ങളിലായി പാർട്ടിയിലെത്തിയത്. ഇവർക്ക് മാന്യമായ പദവികൾ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് വിവരം. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവരെ കൈവിട്ടതായാണ് ആക്ഷേപം.
ഇടുക്കിയിലെ പ്രമുഖ സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന എസ്. രാജേന്ദ്രൻ, മുൻ നാട്ടിക എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന സി.സി. മുകുന്ദൻ, മുൻ വൈക്കം എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന കെ. അജിത്, എൻ.സി.പി സംഘടന കാര്യ ജനറൽ സെക്രട്ടറിയും മുന്നാക്ക സമുദായ വികസന കോർപറേഷൻ ഡയറക്ടറുമായിരുന്ന ബി. ജയകുമാർ, മുൻ കോൺഗ്രസ് നേതാക്കളായിരുന്ന ആർ.എസ്. അരുൺ രാജ് (കൊല്ലം), എം.ജെ. ജോബ് (ആലപ്പുഴ), ബി.എസ്. അനൂപ് (കൊല്ലം/തിരുവനന്തപുരം), അഡ്വ. എം.എസ്. അനിൽകുമാർ (തൃശൂർ),വിജയൻ തോമസ് (തിരുവനന്തപുരം), പന്തളം പ്രതാപൻ (പത്തനംതിട്ട), സി. രഘുനാഥ് (കണ്ണൂർ), ആർ. രശ്മി (കൊല്ലം), എന്നിവരടക്കമുളള നിരവധി പേരാണ് ഇക്കാലയളിവിൽ ബി.ജെ.പിയിൽ ചേർന്നത്.
ഇതിൽ ഏതാനും പേർ എൻ.ഡി.എ സ്ഥാനാർഥികളായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പരിഗണന ലഭിക്കുമെന്ന വിശ്വാസത്തിൽ തുടർന്ന ഇവരിൽ പലരും ഇപ്പോൾ നിരാശരാണെന്നാണ് വിവരം. അവഗണന തുടരുന്ന പക്ഷം മാതൃപാർട്ടികളിലേക്ക് മടങ്ങാനുള്ള നീക്കവും ചില നേതാക്കൾ സജീവമാക്കിയിട്ടുണ്ട്.
മറ്റ് ചിലരാകട്ടെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കാനുളള നീക്കത്തിലുമാണ്. അതേസമയം പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ തഴഞ്ഞ് വിവിധ പാർട്ടികളിൽ നിന്ന് കൂടുമാറിയെത്തുന്നവർക്ക് അമിത പരിഗണന നൽകുകയാണെന്ന ആക്ഷേപവും ഏറെ നാളുകളായി ബി.ജെ.പിയിലുണ്ട്. മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപ്പറേഷനിലെ പാർട്ടി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി വിവാദത്തോടെ ഈ വാദം പാർട്ടിയിൽ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.