ലാവ് ലിൻ കേസിനു പിന്നാലെ പിണറായിയെ നിയമക്കുരുക്കിൽ കോർത്തേക്കാവുന്ന വിധി
കൊച്ചി: ലാവ്ലിൻ കേസെന്ന പോലെ പിണറായി വിജയനെ കാലങ്ങളോളം നിയമ നടപടികളിൽ കോർത്തിട്ടേക്കാവുന്ന വിധിയാണ് വെള്ളിയാഴ്ച ഹൈകോടതി സിംഗിൾബെഞ്ചിൽ നിന്നുണ്ടായത്. ഒന്നിന് പിറകെ ഒന്നായി കേസും നടപടികളുമായി മുന്നോട്ടു പോകേണ്ട സ്ഥിതിയാണ് ഈ വിധിയുണ്ടാക്കുക.
അതേസമയം, ലാവ്ലിൻ കേസ് പോലെ വ്യക്തിപരമായി മാത്രം ബാധിക്കുന്ന ഒന്നല്ല, കുടുംബത്തെയും പാർട്ടിയെയും കൂടി തളർത്താൻ ഈ കേസ് കാരണമാകുമെന്നതാണ് പിണറായിക്ക് ഏറെ കുരുക്കാവുന്നത്. സിംഗിൾബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുകയെന്നതാവും പിണറായിക്ക് മുന്നിലെ ആദ്യ വഴി. വിജിലൻസ് അന്വേഷണ ഭാഗമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ സ്വാഭാവികമായും അതിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്ത് ഗൗരവമുള്ള അന്വേഷണത്തിലേക്ക് കടക്കും.
ഇ.ഡി അന്വേഷണം തുടരുമ്പോൾ സി.എം.ആർ.എലിൽനിന്ന് പണം കൈപ്പറ്റിയവരുടെ മുഴുവൻ പട്ടികയും ക്രമേണ പുറത്തുവരും. ഇതിൽ ഇടതു പാർട്ടി നേതാക്കൾക്ക് മാത്രമാകില്ല മുറിവേൽക്കുക. യു.ഡി.എഫ് സർക്കാറിലെ മന്ത്രിമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നീളാൻ സാധ്യതയുണ്ടാവും. പിണറായിക്കും മകൾക്കും മരുമകനുമെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവ് നിലനിൽക്കെ മറിച്ചൊരു ഉത്തരവ് മറ്റ് നേതാക്കളുടെ കാര്യത്തിലും ഉണ്ടാകാനിടയില്ല.
ഈ സാഹചര്യം ഇനി കൂടുതൽ വെട്ടിലാക്കാൻ സാധ്യതയുള്ളത് യു.ഡി.എഫിനെയാണ്. ഇക്കാര്യം മുൻകൂട്ടി കണ്ടാണ് കെ.എം. ഷാജഹാന്റെ ഹരജിയെ സർക്കാർ ശക്തമായി എതിർത്തതെങ്കിലും സിംഗിൾബെഞ്ച് ആ വാദങ്ങളെ മുഖവിലക്കെടുത്തില്ല. പിണറായിയും മറ്റും അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചാലും സർക്കാറിന് അവരെ പിന്തുണക്കേണ്ടി വരുമെന്നതാണ് അവസ്ഥ.
അതിനാൽ, എഫ്.ഐ.ആർ ഘട്ടത്തിലെത്തും മുമ്പേ തന്നെ അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിക്കുകയെന്ന സാധ്യതയാണ് ഇപ്പോഴുള്ളത്. പിണറായി അടക്കം ആരോപണ വിധേയരെ കേൾക്കാതെയാണ് വിജിലൻസ് അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നതടക്കം ആരോപണങ്ങൾ രാഷ്ട്രീയ തലത്തിൽ ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. ഇക്കാര്യം തന്നെയാവും അപ്പീലിൽ പ്രധാനമായും ഉന്നയിക്കുക.
അഴിമതി തടയൽ നിയമ പ്രകാരം പൊതുസേവകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി വേണ്ടതുണ്ടെന്ന നിയമ പ്രശ്നവും അപ്പീലിൽ ചൂണ്ടിക്കാട്ടാനാവും. അപ്പീൽ അനുവദിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുകയാവും അടുത്ത നടപടി. എഫ്.ഐ.ആർ ഇടുന്ന ഘട്ടമുണ്ടായാൽ അത് ചോദ്യം ചെയ്ത് വീണ്ടും ഹൈകോടതിയെ സമീപിക്കാനും സാധിക്കും. ഇതിലെ ഉത്തരവിനെ ആശ്രയിച്ചാവും തുടർ നീക്കങ്ങൾ. ഈ നിയമക്കുരുക്കുകളാണ് ഈ കേസും ലാവ്ലിൻ കേസിന്റെ ഗതിയിലേക്കാണെന്ന തോന്നലുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.