വി.ഡി. സതീശൻ
അപ്പീൽ പോകില്ല; സി.എം.ആർ.എൽ കേസിലെ ഹൈകോടതി ഇടപെടൽ സർക്കാറിന് തിരിച്ചടിയും ഒപ്പം രാഷ്ട്രീയാശ്വാസവും
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈകോടതി വിധി സർക്കാറിന് തിരിച്ചടിയും രാഷ്ട്രീയാശ്വാസവും. വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ ഹൈകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണറിയുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി.
പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുക്കണമെന്ന ഇ.ഡി. കത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ തെറ്റായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഉത്തരവ് പ്രത്യക്ഷത്തില്‍ സര്‍ക്കാറിന് തിരിച്ചടിയാണ്. അതേസമയം, യു.ഡി.എഫിനും സർക്കാറിനും രാഷ്ട്രീയ ആശ്വാസമാകുകയാണ് ഹൈകോടതി ഇടപെടൽ. കേന്ദ്രത്തിൽ ഇ.ഡിയെ എതിർക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് സർക്കാർ ഇ.ഡി.ക്കൊപ്പമാണെന്നാണ് സി.പി.എം ആരോപിച്ചിരുന്നത്. വിജിലൻസ് കേസെടുക്കുന്നത് ഹൈകോടതി നിർദ്ദേശാനുസരണമാണെന്ന് ഇനി സർക്കാറിന് പറയാം.
കേസിന്റെ ഉത്തരവാദിത്തം ഹൈകോടതിയുടെ മേല്‍നോട്ടത്തിലാക്കാനും സാധിക്കും. എന്നാൽ, മാസപ്പടി ഡയറിയിൽ യു.ഡി.എഫ് നേതാക്കളുടെ ഉൾപ്പെടെയുള്ളവരുടെ പേരുള്ളത് സർക്കാറിന് വെല്ലുവിളിയാണ്. അത്തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങാതെയായിരുന്നു സർക്കാർ ഇ.ഡി. കത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്.
ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു ഈ സംഘത്തിന് നൽകിയിരുന്ന നിർദ്ദേശം. പ്രത്യേക സംഘത്തെ നിയോഗിച്ച ഉത്തരവ് തന്നെ ഹൈകോടതി റദ്ദാക്കിയത് സർക്കാറിന് തിരിച്ചടിയാണ്. ഇ.ഡിയുടെ കത്തിൽ നിയമോപദേശം തേടിയശേഷമാണ് പ്രാഥമികാന്വേഷണത്തിന് സംഘത്തെ നിയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെ അവകാശപ്പെടുമ്പോഴും ആദ്യമേ അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കേണ്ടതായിരുന്നെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിലുണ്ട്.
ഇ.ഡി. നൽകിയ കത്ത് പരിശോധിച്ച ഡി.ജി.പി രവാഡ ചന്ദ്രശേഖർ അഴിമതി നിരോധന നിയമപ്രകാരം കേസന്വേഷണം വിജിലൻസിനെ ഏൽപിക്കണമെന്ന ശിപാർശയോടെയാണ് സർക്കാറിന് കൈമാറിയത്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് ഇ.ഡി നൽകിയ കത്തിൽ അനാവശ്യധൃതി കാണിക്കാതെ നിയമപരമായാണ് സർക്കാർ കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ നിയമോപദേശം തേടിയപ്പോൾ ഹൈകോടതി പറഞ്ഞതുപോലെ, ഒരു സുപ്രിംകോടതി വിധിപ്രകാരം കേസെടുക്കണമെന്നായിരുന്നു.
മറ്റൊരു കേസിൽ പ്രാഥമികാന്വേഷണം നടത്തിയശേഷം കഴമ്പുണ്ടെങ്കിൽ കേസെടുക്കാമെന്നായിരുന്നു. വ്യക്തി വിരോധം തീർക്കാൻ ഒന്നും ചെയ്തിട്ടില്ല. നിയമപരമായി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എല്ലാ കേസുകളും ഇങ്ങനെ എടുക്കേണ്ടെന്നും ഡയറിയിലെ കുറിപ്പുകൾ സ്വീകരിക്കണ്ടെന്നൊക്കെ പറഞ്ഞിട്ടുണ്ട് -സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.