ഐ.എഫ്.എഫ്.കെ സിനിമ തെരഞ്ഞെടുപ്പ് വിവാദം: അക്കാദമിക്കെതിരെ വിമർശനവുമായി വിനയൻ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരണവുമായി സംംവിധായകൻ വിനയൻ. രഞ്ജിത്തിന്‍റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്നും സാംസ്കാരിക മന്ത്രി അദ്ദേഹത്തിന്‍റെ ‘ഇതിഹാസ സംവിധായക’നെക്കൊണ്ട് പ്രശ്നങ്ങൾ വേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഐ.എഫ്.എഫ്.കെയിലേക്ക് വിമിയോ ലിങ്ക് വഴി സമർപ്പിച്ച സിനിമ കാണാതെയാണ് തങ്ങളുടെ സിനിമ ജൂറി തിരസ്‌കരിച്ചതെന്ന് സംവിധായകരായ ഷിജു ബാലഗോപാലനും അനിൽ തോമസും ആരോപിച്ചിരുന്നു. തന്‍റെ ചിത്രങ്ങൾ അക്കാദമി മനഃപൂർവം മേളയിൽനിന്ന് തിരസ്കരിക്കുകയാണെന്ന് സംവിധായകൻ ഡോ. ബിജുവും ആരോപിച്ചിരുന്നു. ഇനി അക്കാദമിയുമായി സഹകരിക്കില്ലെന്നും മേളയിലേക്ക് ചിത്രങ്ങൾ നൽകില്ലെന്നും ബിജു വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിനയന്‍റെ വിമർശനം.

സംസ്ഥാന പുരസ്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടെന്ന് ജൂറി അംഗമായ നേമം പുഷ്പരാജ് തന്നെ വിളിച്ചു പറഞ്ഞിട്ടും ഉളുപ്പില്ലാതെ മൗനം തുടരുകയാണ് രഞ്ജിത്. അദ്ദേഹംതന്നെ നിയമിച്ച ഐ.എഫ്.എഫ്.കെ ജൂറി ചെയർമാനെപ്പറ്റി തനിക്കു സഹതാപമേ ഉള്ളൂവെന്നും വിനയൻ പറഞ്ഞു.

എന്നാൽ, ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്കു പരിഗണിക്കാൻ സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം ചലച്ചിത്ര അക്കാദമി സെലക്​ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചവയാണെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു. സ്‌ക്രീനിങ് പൂര്‍ത്തിയായാലുടന്‍തന്നെ സാധാരണഗതിയില്‍ സിനിമകൾ ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍, പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ഹാര്‍ഡ് ഡിസ്‌ക് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാം. ഹാര്‍ഡ് ഡിസ്‌കില്‍ സേവ് ചെയ്ത തീയതി വ്യക്തമാണ്. പുറമെ, പ്രസ്തുത സിനിമകൾ സെലക്​ഷന്‍ കമ്മിറ്റി കണ്ടു എന്ന് ഓരോ അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും അജോയ് ചന്ദ്രൻ പറഞ്ഞു.

Tags:    
News Summary - IFFK film selection controversy: Vinayan criticizes the Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.