തിരുവനന്തപുരം: മണൽ ഇറക്കുമതി അനുമതിക്ക് പിന്നാലെ സംസ്ഥാനത്തെ അണക്കെട്ടുകളിൽനിന്ന് മണൽവാരാനും സർക്കാർ തീരുമാനിച്ചു. മംഗലം, ചുള്ളിയാര്‍ ജലസംഭരണികളിലെ മണ്ണും മണലും നീക്കല്‍ പൈലറ്റ് പദ്ധതിയായി ഏറ്റെടുക്കും.
കഴിഞ്ഞ ഇടതുസർക്കാറിെൻറ കാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതി നിർമാണമേഖലയിലെ മണൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും പൊടിതട്ടിയെടുത്തത്. ജലസംഭരണികളുടെ ശേഷി വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും ഏക്കലും നീക്കി സംഭരണശേഷി വർധിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ജലസംഭരണികളില്‍നിന്ന് സാമ്പിള്‍ എടുത്ത് പരിശോധിച്ചശേഷമാണ് പ്രവൃത്തി ആരംഭിക്കുക. സാമ്പിള്‍ പരിശോധന എല്ലാ ഡാമുകളിലും നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജലസേചനവകുപ്പിെൻറ അണക്കെട്ടുകളിൽ ചളിയും മണലും അടിഞ്ഞതിനാൽ സംഭരണശേഷി വൻതോതിൽ കുറഞ്ഞതായാണ് വിലയിരുത്തൽ. മഴക്കാലത്ത് വേണ്ടത്ര വെള്ളം സംഭരിക്കാൻ കഴിയാത്തതിനാൽ വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നു. ഇൗ സാഹചര്യത്തിലാണ് മണൽ അടക്കം വാരാൻ തീരുമാനിച്ചത്.
അണക്കെട്ടുകളിലെ ചളി, മണൽ, എക്കൽ എന്നിവയുടെ സ്ഥിതി വിശദമായി പഠിക്കും. മണലിെൻറ വിൽപന റവന്യൂ വകുപ്പാകും നടത്തുക. പൈലറ്റ് പദ്ധതി തയാറാക്കിയശേഷം മൂന്നുമാസത്തിനകം ടെൻഡർ ക്ഷണിക്കും. യോഗത്തില്‍ മന്ത്രിമാരായ മാത്യു ടി. തോമസ്, കെ. രാജു, ഇ. ചന്ദ്രശേഖരന്, എം.എം. മണി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, ഉദ്യോഗസ്ഥരായ പോള്‍ ആൻറണി, ടിങ്കു ബിസ്വാള്‍, മനോജ് ജോഷി, ഷൈനമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഇടതുസർക്കാറിെൻറ കാലത്ത് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, പാലക്കാട് ജില്ലയിലെ മലമ്പുഴ എന്നിവയിൽ മണൽവാരൽ പരീക്ഷിച്ചിരുന്നു. എന്നാൽ, വേണ്ടത്ര വിജയം കണ്ടില്ല. അന്ന് മണൽ വിൽപനയിലൂടെ വരുമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇക്കുറി ചളിയും മണ്ണും നീക്കം ചെയ്യൽ കൂടി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.