വൃക്കയടങ്ങിയ പെട്ടി എടുത്തയാളെ തിരിച്ചറിഞ്ഞു; ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് ആംബുലൻസ് ​ഡ്രൈവർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ വൃക്കയടങ്ങിയ പെട്ടി എടുത്ത് ആശുപത്രിയിലേക്ക് ഓടിയയാളെ തിരിച്ചറിഞ്ഞു. ആംബുലൻസ് ഡ്രൈവറായ അരുൺദേവ് ആണ് പെട്ടി എടുത്തത്. തിരുവനന്തപുരം ജില്ലയിൽ ഇയാൾ ആയിരുന്നു ആംബുലൻസ് യാത്ര ഏകോപിപ്പിച്ചത്.

വൃക്ക കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് താൻ എടുത്തതെന്നും അരുൺ പറഞ്ഞു. ഇതല്ലാതെ തനിക്ക് ദുരുദ്ദേശ്യം ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച ഉച്ചക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. വൈകീട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. എന്നാൽ, വൃക്കയുള്ള പെട്ടി വാങ്ങാൻ ആരുമുണ്ടായിരുന്നില്ല. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്. അതാണ് അന്വേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രോഗിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജ് അധികൃതരുടെ ഗുരുതര വീഴ്ചയെതുടർന്നാണ് അവയവമാറ്റ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകിയതിനെ തുടർന്ന് രോഗി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കാൻ പ്രവേശിപ്പിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) ആണ് മരിച്ചത്.

ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പ് മേധാവികളെ സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി വാസുദേവൻ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോർജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്ന് കടമ്പകൾ ഏറെ പിന്നിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച വൃക്ക സൂക്ഷിച്ച ബാഗേജ് മണിക്കൂറുകളോളം ഓപറേഷൻ തിയറ്ററിന് മുന്നിൽ കാത്തുകിടന്നു. ശസ്ത്രക്രിയക്കായി രോഗിയെയും ഓപറേഷൻ തിയറ്ററും സജ്ജമാക്കാനുള്ള കാലതാമസമായിരുന്നു കാരണം. വൈകീട്ട് 5.30ന് മെഡിക്കൽ കോളജിൽ എത്തിച്ച അവയവം 8.30ഓടെയാണ് രോഗിക്ക് വെച്ചുപിടിപ്പിക്കാനായത്. ശസ്ത്രക്രിയക്ക് വിധേയനായ സുരേഷ് കുമാർ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്‍റെ അവയവങ്ങളാണ് ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിക്കും കരള്‍ രാജഗിരി ആശുപത്രിക്കും നൽകാൻ നിശ്ചയിച്ചു. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാനുള്ള രോഗിയുടെ അഭാവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രണ്ട് ഡോക്ടർമാർ ആംബുലൻസിൽ എറണാകുളത്തെത്തി ഏറ്റുവാങ്ങിയാണ് അവയവം തിരുവനന്തപുരത്തെത്തിച്ചത്.

രാജഗിരിമുതല്‍ തിരുവനന്തപുരംവരെ ട്രാഫിക് സിഗ്‌നലുകള്‍ അണച്ച് ആംബുലന്‍സിനുവേണ്ടി പൊലീസ് ഗ്രീന്‍ചാനല്‍ ഒരുക്കി. മൂന്ന് മണിക്കൂറെടുത്ത് ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി. വൃക്ക മാറ്റിവെക്കലിന് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും ഇതിനുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടി ഡോക്‌ടർമാർ പ്രശ്നം ലഘൂകരിക്കാനാണ് ശ്രമിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും വൈകീട്ട് സസ്പെൻഷൻ പ്രഖ്യാപിക്കുകയുമായിരുന്നു. 

Tags:    
News Summary - Identified the person who took the box containing kidneys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.