തിരുവനന്തപുരം: സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. ജി.എസ്.ടി കമീഷണർ പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും ഗതാഗതവകുപ്പ് സെക്രട്ടറി പി.ബി. നൂഹിനെ ജി.എസ്.ടി. കമീഷണറായും നിയമിച്ചു. ആലപ്പുഴ ജില്ല കലക്ടറായിരുന്ന കെ. ഇമ്പശേഖർ കേരള വാട്ടർ അതോറിറ്റി എം.ഡിയാകും. കൊല്ലം ജില്ല കലക്ടർ എൻ. ദേവിദാസാണ് കില ഡയറക്ടർ. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. വ്യവസായ വികസന കോർപറേഷന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് കൊളീജിയറ്റ് എജ്യൂക്കേഷൻ ഡയറക്ടർ. എൻട്രൻസ് കമീഷണറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
പത്തനംതിട്ട കലക്ടർ എസ്. പ്രേംകൃഷ്ണനെ ആരോഗ്യവകുപ്പിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ചു. പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടിയാണ് കോഴിക്കോട്ടെ പുതിയ കലക്ടർ. കില ഡയറക്ടർ എ. നിസാമുദ്ദീനെ പത്തനംതിട്ട കലക്ടറായി നിയമിച്ചു.
വ്യവസായ വകുപ്പിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ചുമതല വഹിച്ച ആനി ജുല തോമസാണ് കൊല്ലത്തെ പുതിയ കലക്ടർ. കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീറിനെ പാലക്കാട് കലക്ടറായും നിയമിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ സി.ഇ.ഒ ഷാജി വി. നായരാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജിനെ കണ്ണൂർ കലക്ടറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.