ബന്ദിപൂർ വനത്തിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസ് ഇടപെട്ടു മറ്റൊരു ബസിൽ കയറ്റുന്നു
കാട്ടിൽ കുടുങ്ങിയ ബസ്‍യാത്രികർക്ക് രക്ഷകരായി ബത്തേരി പൊലീസ്
സുൽത്താൻ ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പൊലീസ്. മൈസൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്. മകളടക്കമുള്ള യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിക്ക് ലഭിച്ച ഒരു പിതാവിന്റെ ഫോൺ കോളാണ് പൊലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. രാത്രിയാത്രാനിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പൊലീസിന് തടസ്സമായില്ല.
സെപ്റ്റംബർ മൂന്നിന് രാത്രി 10.30ഓടെയാണ് ആലപ്പുഴ സ്വദേശിയായ പിതാവിന്റെ ഫോൺ ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൽകരീമിന് ലഭിച്ചത്. മകളടക്കമുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി വനത്തിന് നടുവിൽ കുടുങ്ങിയിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പരിഭ്രാന്തനായ പിതാവിന്റെ ആവശ്യം.
യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കവറേജില്ലാത്തതിനാൽ ബന്ധപ്പെടാനായില്ല. തുടർന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പൊലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി. അന്വേഷണത്തിൽ മുത്തങ്ങ അതിർത്തിയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപമാണ് ബസ് തകരാറിലായതെന്ന് കണ്ടെത്തി. അതിനിടയിൽ, യാത്രക്കാരനായ കൊല്ലം സ്വദേശിയായ ഒരാളുമായി ഫോണിൽ ബന്ധപ്പെടാനും യാത്രക്കാരെ സമാധാനിപ്പിക്കാനും പൊലീസിന് കഴിഞ്ഞു.
തുടർന്ന് പൊലീസിനൊപ്പം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഇടപെടലിൽ ഡിപ്പോയിൽനിന്ന് അയച്ച സൂപ്പർ ഡീലക്സ് ബസിനൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒരുമിച്ച് സ്ഥലത്തെത്തി. വന്യമൃഗങ്ങളുടെ സാന്നിധ്യസാധ്യതയുള്ള പ്രദേശത്ത് രാത്രിയിൽ ഒറ്റപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു. തകരാറിലായ ബസിൽ നിന്ന് ചൂട് വമിച്ചിരുന്നതിനാൽ ബസിനുള്ളിൽ തുടരാനും പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥയായിരുന്നു. യാത്രക്കാരെ സമാധാനിപ്പിച്ച പൊലീസ് സംഘം അവരെ സുരക്ഷിതമായി പുതിയ വാഹനത്തിലേക്ക് മാറ്റി. തുടർന്ന് എല്ലാവരെയും സുരക്ഷിതമായി കോഴിക്കോട് എത്തിച്ചു.
പ്രതിസന്ധിഘട്ടത്തിൽ സമയോചിതമായി ഇടപെട്ട് തങ്ങളെയും കുട്ടികളെയും സുരക്ഷിതരാക്കിയ പൊലീസിന് നന്ദി അറിയിച്ച് യാത്രക്കാരുടെയും ബന്ധുക്കളുടെയും നിരവധി ഫോൺ കോളുകളാണ് പിന്നീട് പൊലീസിന് ലഭിച്ചത്. കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനവും പൊലീസിനെ തേടിയെത്തി. എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ സുബീഷ്, ജിതിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കൂടാതെ ബത്തേരി സി.ഐ അജീഷ്,മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഹംസ,സി.പി.ഒ കണ്ണൻ, എ.എസ്.ഐ സലീം തുടങ്ങിയവരും ജാഗ്രതയോടെ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.