രതീഷ് പിലിക്കോട് വിദ്യാർഥികൾക്കൊപ്പം
ഇന്ന് അധ്യാപക ദിനം; രതീഷ് മാഷ്; എല്ലാം കായ്ക്കുന്ന മരം
ചട്ടഞ്ചാൽ: അധ്യാപകൻ എന്നാൽ കുട്ടികളുടെ മനസ്സിലെ ഇരുട്ട് മാറ്റി വെളിച്ചത്തിലേക്ക് നയിക്കുന്നവൻ എന്നാണ്. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ രതീഷ് പിലിക്കോട് മനസ്സിലെ മാത്രമല്ല, കുട്ടികളുടെ ജീവിതത്തിലെയും ഇരുട്ടുനീക്കുകയാണ്. കുട്ടിയെ പഠിപ്പിക്കുന്നതിനപ്പുറം അവെൻറ ജീവിതത്തെകൂടി പഠിക്കുകയാണ് രതീഷ്. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ 2003 മുതൽ മലയാളം അധ്യാപകനാണ്. നിരവധി പ്രവർത്തനങ്ങളിലൂടെ ക്ലാസ് മുറിയുടെയും പാഠപുസ്തകങ്ങളുടെയും അതിരുകൾക്കപ്പുറത്തേക്ക് കുട്ടികളെയും കൊണ്ടുപോകുകയാണ്.
2006ൽ രൂപവത്കരിച്ച ‘കൂച്ച്’ എന്ന സാഹിത്യവേദി 19 വർഷത്തിലേറെയായി നടത്തിവരുകയാണ്. കുട്ടികളെ മുൻ നിർത്തി കൂച്ച് 124 ഇൻലൻഡ് മാഗസിനുകളും പത്തോളം വാർഷികപ്പതിപ്പുകളും പുറത്തിറക്കി. കോവിഡ് മഹാമാരിയുടെ കാലത്ത് 31 ദിവസംകൊണ്ട് 38 കൃതികളെ മുൻനിർത്തി നടത്തിയ ഓൺലൈൻ സാഹിത്യ സംവാദത്തിൽ പ്രമുഖരായ 105 സാഹിത്യ സാംസ്കാരിക നായകർ അണിനിരന്നു. കുടുംബശ്രീയുടെ സംസ്ഥാന പ്രോഗ്രാം ഓഫിസറായും പിന്നീട് ജില്ല കോഓർഡിനേറ്ററായും പ്രവർത്തിച്ചു. ഈകാലത്ത് 39 ലക്ഷത്തോളം കുടുംബശ്രീ വനിതകളെ ഓർമകളുടെ സ്കൂൾ കാലത്തേക്ക് തിരികെയെത്തിച്ചത് ഹൃദ്യമായിരുന്നു. ഭവനരഹിതർക്കായി ‘ഒരു രൂപ ചലഞ്ചിലൂടെ’ വീടൊരുക്കിയ ‘ശ്രീഭവനം’, കുട്ടികൾക്ക് വീടുകളിൽ പഠനപിന്തുണ നൽകുന്ന ‘അമ്മ ടീച്ചർ’, കാർഷിക ഉണർവേകിയ ‘വയലോർമ’, പിന്നാക്ക ജനവിഭാഗങ്ങൾക്കായി നടപ്പാക്കിയ കന്നട-കൊറഗ പ്രോജക്ടുകൾ എന്നിവയിൽ അദ്ദേഹത്തിെൻറ കൈയൊപ്പ് പതിഞ്ഞു.
കുടുംബശ്രീ വനിതകൾ രചിച്ച് നിർമിച്ച മുദ്രാഗീതം, ഓൺലൈൻ റേഡിയോ എന്നിവ അദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ ‘സ്വീപ് ’ ജില്ല നോഡൽ ഓഫിസറായിരുന്നു. വോട്ടിങ് ശതമാനം ഉയർത്താൻ കന്നി വോട്ടർമാർക്കായി മധുരം നൽകിയ 'സ്വീറ്റ് ഇലക്ഷൻ’, 'വോട്ടായനം' മിനി മാരത്തൺ, 'കന്നി വോട്ടർമാരെ തേടി' എന്നിവ വലയ ചലനങ്ങൾ സൃഷ്ടിച്ചു. വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ സ്വദേശി പ്രതീഷ് നിർമിച്ച പുസ്തകത്തട്ടുകൾ കണ്ണൂർ, കാസർകോട് ജില്ലകളിലായി വിറ്റഴിച്ച് നൽകിയത് 18 ലക്ഷം രൂപയാണ്. ഭവനരഹിതയായ വിദ്യാർഥിനിക്ക് അഞ്ചുലക്ഷം രൂപയുടെ വീട് വെച്ചുനൽകിയത് ശ്രദ്ധേയമായി. ഈ രീതിയിൽ മൂന്ന് വീടുകൾ നിർമിച്ചു നൽകി.
അവനി വാഴ്വ്, റീൽ തുടങ്ങിയ പുസ്തകങ്ങളുടെ എഡിറ്ററാണ്. നടൻ ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി മികച്ചൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച സാമൂഹികപ്രവർത്തകനുള്ള ദേശീയ പുരസ്കാരം, കാസർകോട് റോട്ടറി ക്ലബ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.