ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണി: മന്ത്രിമാർക്കിടയിൽ അതൃപ്തി, നാളത്തെ മന്ത്രിസഭ യോഗത്തിൽ ചർച്ചയാക്കും

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്തുണ്ടായ അഴിച്ചുപണിയിൽ യു.ഡി.എഫ് മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തി. ആറ് ജില്ല കലക്ടർമാർ അടക്കം 15 ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ചത്. വകുപ്പ് മന്ത്രിമാരുമായി ഒരുവിധത്തലുള്ള ആശയവിനിമയവും നടത്താതെയാണ് തീരുമാനമെടുത്തതെന്നാണ് പ്രധാന പരാതി. വ്യവസായ വകുപ്പ് ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.

കലക്ടർമാരെ മാറ്റിയത് റവന്യൂ മന്ത്രിയുടെ അറിവില്ലാതെയാണ്. കൊല്ലം കലക്ടറുടെ നിയമനത്തിൽ മന്ത്രി ഷിബു ബേബി ജോൺ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. വാട്ടർ അതോറിറ്റി എം.ഡിയുടെ നിയമനം ജലവിഭവ വകുപ്പ് മന്ത്രിയെ അറിയിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നപ്പോൾ ചീഫ് സെക്രട്ടറി ജയതിലക് ഫോൺ മുഖേന അദ്ദേഹവുമായി ചർച്ച ചെയ്താണ് ഉത്തരവിറക്കിയതെന്നാണ് വിവരം.

എന്നാൽ, വകുപ്പ് മന്ത്രിമാരുടെ താൽപ്പര്യം അന്വേഷിക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർക്ക് അമർഷമുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിലുള്ള നീക്കമാണെന്ന് നേതക്കൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ ഘടകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും ചർച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നതാണ് നേതാക്കൾക്കിടയിലെ വിമർശനം.

മുൻ സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പുനപരിശോധിക്കാനുള്ള നീക്കത്തിലും അതൃപ്തിയുണ്ട്. ഈ വിഷയങ്ങൾ നാളത്തെ മന്ത്രിസഭ യോഗത്തിലും ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. മന്ത്രിമാർ തങ്ങളുടെ പ്രതിഷേധം യോഗത്തിൽ നേരിട്ട് അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

Tags:    
News Summary - IAS chief reshuffle: Dissatisfaction among ministers, will be discussed in tomorrow's cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.