ലീഗല്ല, താൻ സി.പി.എം അനുഭാവിയെന്ന്​ കള്ളവോട്ട്​ ആരോപണ വിധേയന്‍ ഫായിസ്

കണ്ണൂർ​: താൻ സി.പി.എം അനുഭാവിയാണെന്നും ലീഗ്​ പ്രവർത്തകനല്ലെന്നും കള്ളവോട്ടിൽ ആരോപണ വിധേയനായ കല്ല്യാശേരി പുതിയങ്ങാടി 69ാം ​ബൂത്തിലെ വോട്ടർ മുഹമ്മദ്​ ഫായിസ്​. 70ാം നമ്പര്‍ ബൂത്തില്‍ ക്യൂ നിന്നത് ഓപ്പണ്‍ വോട്ട് ചെയ്യാനാണെന്നും മുഹമ്മദ് ഫായിസ് പറഞ്ഞു.

ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ക്യൂവില്‍ നിന്നത്​. പക്ഷെ പിന്നീട് ഓപ്പണ്‍ വോട്ട് ചെയ്തില്ലെന്നും ഫായിസ് പറഞ്ഞു. ‘മീഡിയ വൺ’ ചാനലിനോടാണ്​ ഫായിസ്​ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​. മുമ്പ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നെങ്കിലും അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വര്‍ഷങ്ങളായി ലീഗുമായി സഹകരിക്കുന്നില്ല. നിലവിൽ സി.പി.എം അനുഭാവിയാണ്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ഫായിസ് പറഞ്ഞു.

അതേസമയം, കല്യാശ്ശേരി പുതിയങ്ങാടിയിൽ കള്ളവോട്ട് നടന്നതായി കാസര്‍കോട് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. പുതിയങ്ങാടി 69ാം ബൂത്തിലെ വോട്ടർമാരായ മുഹമ്മദ്​ ഫായിസ്​, ആഷിക്​ എന്നിവർ രണ്ട്​ തവണ വോട്ട്​ ചെയ്​തതായി തിരിച്ചറിഞ്ഞിട്ടുണ്ട്​. ഫായിസ്​ 69ാം ബൂത്തിലും 70ാം ബൂത്തിലും വോട്ട്​ ചെയ്​തതായും ആഷിക്​ 69ാം ബൂത്തിൽ രണ്ട്​ തവണ വോട്ട്​ ചെയ്​തതായും ജില്ലാ കലക്​ടർ വ്യക്തമാക്കി.

മുഹമ്മദ്​ ഫായിസിനോടും ആഷിക്കിനോടും​ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന്​ നേരിട്ട്​ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്​. കള്ളവോട്ട്​ ചെയ്​തെന്ന പരാതിയിൽ ജില്ലാ കലക്​ടർ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പോളിങ്​ ഏജൻറുമാർ എതിർപ്പ്​ അറിയിച്ചിട്ടില്ലെന്ന്​ ഉദ്യോഗസ്ഥർ മൊഴി നൽകി.

Tags:    
News Summary - iam CPM, not muslim league said muhammed fayis -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.