തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താൽപര്യം അറിയിച്ച് കേന്ദ്ര സർക്കാറിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉയർന്ന വേഗതയിലുള്ള റെയിൽ കണക്റ്റിവിറ്റി ലക്ഷ്യമിട്ട കെ റെയിൽ (Silverline) പദ്ധതി ഇന്ത്യൻ റെയിൽവെയുടെ സാങ്കേതിക എതിർപ്പുകൾ കാരണം മുന്നോട്ട് പോയില്ല. ചില പ്രദേശങ്ങളിൽ ജനങ്ങളുടെ എതിർപ്പുകളും ഉണ്ടായി. ഇതോടെയാണ് അതിവേഗ റെയിൽ പാത സംസ്ഥാനം പരിഗണിക്കുന്നത്. കേന്ദ്ര സർക്കാറുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കും.
ആർ.ആർ.ടി.എസ് (റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയിൽവേ സംവിധാനമാണ്. ഡൽഹി -മിററ്റ് ആർ.ആർ.ടി.എസ് കോറിഡോർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. മണിക്കൂറിൽ 160-180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവ ആർ.ആർ.ടി.എസിനെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആർ ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളിൽ കൂടി) ആയി നടപ്പാക്കാൻ കഴിയും.
എൻ.സി.ആർ.ടി.സി (നാഷനൽ ക്യാപിറ്റൽ റീജനൻ ട്രാൻസ്പോർട് കോർപറേഷൻ) വഴി ഡൽഹി-എൻ.സി.ആർ മേഖലയിൽ നടപ്പാക്കുന്ന ആർ.ആർ.ടി.എസ് പദ്ധതി ഡൽഹി -എൻ.സി.ആർ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡി.പി.ആർ സമർപ്പിക്കപ്പെടുന്ന പക്ഷം, കേരളത്തിലെ ആർ.ആർ.ടി.എസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദർശന വേളയിൽ അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയിൽവേ സംവിധാനമായ ആർ.ആർ.ടി.എസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പദ്ധതി ചെലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ, 20 ശതമാനം കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ഡൽഹി ആർ.ആർ.ടി.എസ് നടപ്പാക്കുന്നത്. ഇതേ മാതൃകയിലാണ് സംസ്ഥാനത്തും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെ ഉള്ള Travancore Line (Phase - -1), അതിന്റെ ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി (parallel execution) ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027 ൽ നിർമാണം ആരംഭിച്ച് 2033 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് വരെ ലൈനും പൂർത്തിയാക്കുന്നതിനുമാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.