തിരുവനന്തപുരം: കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പള്ളിയിൽ പോയി ക്രിസ്തുവചനങ്ങൾ കേട്ടതിന്റെകൂടി ഫലമായാണ് താൻ കമ്മ്യൂണിസ്റ്റായതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. നിയമസഭ പുസ്തകോത്സവത്തിൽ ‘കഥ, കഥാപാത്രം, കഥാകൃത്ത്’ എന്ന സെഷനിൽ എബ്രഹാം മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൾത്താര ബാലനായിരുന്ന ബേബിയെക്കുറിച്ച് എബ്രഹാം മാത്യു എഴുതിയ ‘ദൈവം നടന്ന വഴികൾ’ എന്ന കഥയിൽ ഊന്നിയായിരുന്നു ചർച്ച. കുട്ടിക്കാലത്തെ ക്രൈസ്തവ മൂല്യങ്ങൾ കൂടിയാണ് കമ്മ്യൂണിസ്റ്റ് ആകുന്നതിനുള്ള പശ്ചാത്തലമൊരുക്കിയതെന്ന് പറയാം. യേശുവിന്റെ പ്രബോധനങ്ങളിലൂന്നി സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും നീതിയെക്കുറിച്ചും പറഞ്ഞ മുൻ മാർപാപ്പ ഫ്രാൻസിസ് മാർപാപ്പയോട് വളരെ ആദരവാണ്.
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ‘മാനസോല്ലാസം’, എം.പി ജോസഫിന്റെ ‘യുക്തിപ്രകാശം’ എന്നിവ വായിച്ചും പ്രൊഫ. കോവൂരിന്റെ പ്രഭാഷണങ്ങൾ കേട്ടുമാണ് പള്ളിയിൽ പോയിരുന്ന ബാലൻ യുക്തിവാദത്തിലേക്ക് തിരിഞ്ഞത്. ആ ഘട്ടത്തിലാണ് എറണാകുളത്ത് പി. ഗോവിന്ദപിള്ളയുടെ പ്രഭാഷണം ശ്രവിച്ച് യുക്തിവാദത്തിനപ്പുറം മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്. യുക്തിവാദി സമ്മേളനത്തിന് പോകാൻ പണമില്ലാതെ നിന്ന തനിക്ക് വിശ്വാസിയായ അമ്മയാണ് അയൽവീട്ടിൽ നിന്ന് പണം കടംവാങ്ങി തന്നത്. അത് വലിയ ഒരു പാഠമായിരുന്നു.
പല മേഖലകളിലുള്ള താത്‌പര്യത്താൽ ഏതെങ്കിലും ഒരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ് എന്റെ സ്വഭാവത്തിൽ മോശം കാര്യമായി കരുതുന്നത്. ഒരു ജീവൻ എടുക്കുന്നതിനെ പോലും ന്യായീകരിക്കാൻ പറ്റില്ല. ഹിംസ ആവശ്യമില്ലാത്ത സമത്വപൂർണമായ ലോകമാണ് മാർക്സിസം വിഭാവനം ചെയ്യുന്നത്.
പുരുഷമേധാവിത്വ പെരുമാറ്റം വീട്ടിൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. സ്വന്തം പാത്രങ്ങൾ കഴുകിവെക്കുക, മീൻ വറുക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിൽ മാത്രമേ ഭാര്യയെ സഹായിക്കാറുള്ളൂ. സുനിൽ പി. ഇളയിടത്തെ പോലുള്ളവർ വീട്ടിൽ മുറ്റമടിക്കുന്നത് ഉൾപ്പെടെ എല്ലാ ജോലികളും പങ്കാളിയുമായി പങ്കിട്ട് ചെയ്യുന്നത് മാതൃകയാണ്.
ദൈവം ഒരു തർക്കവിഷയമോ ചർച്ചാവിഷയമോ ആക്കേണ്ടതില്ലെന്നും എം.എ ബേബി പറഞ്ഞു. പ്രപഞ്ചമാണ് ശക്തി. തന്നെ സംബന്ധിച്ച് പ്രധാനം മനുഷ്യനും പ്രകൃതിയുമാണ്. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ. സർവശക്തനായ, ഒരു ഇല അനങ്ങിയാൽ പോലുമറിയുന്ന ദൈവം ഇല്ല എന്നാണ് തന്റെ ബോധ്യം. ഉണ്ടായിരുന്നെങ്കിൽ ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുമായിരുന്നില്ല. എങ്കിൽപോലും ദൈവം ഉണ്ടോ എന്നത് തർക്കവിഷയം ആക്കേണ്ടതില്ലെന്നും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.