‘ലൈൻ പൊട്ടുമ്പോൾ വൈദ്യുതി നിലക്കണം’; സാങ്കേതികവിദ്യയുടെ സാധ്യത തേടണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം

തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കെ.എസ്.ഇ.ബി മാനേജിങ്​ ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

മറ്റ് സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നും അറിയിക്കണം. വൈദ്യുതി വകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു. വൈദ്യുതികമ്പി പൊട്ടിവീണപ്പോഴുണ്ടായ ഷോക്കേറ്റ് വിവിധ ജില്ലകളിൽ മൂന്നു പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഷോക്കേറ്റതിനെ തുടർന്നുണ്ടായ മരണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് കെ.എസ്​.ഇ.ബി എം.ഡിക്ക് നിർദേശം നൽകിയത്.

അപകടങ്ങളിലേക്ക്​ നയിച്ച കാരണങ്ങൾ, മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ സ്വീകരിച്ച നടപടികൾ, നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ, മരിച്ചവരുടെയും ആശ്രിതരുടെയും വിലാസം എന്നിവ റിപ്പോർട്ടിലുണ്ടാവണം. കെ.എസ്.ഇ.ബി, എം.ഡിയുടെ പ്രതിനിധി സെപ്റ്റംബർ 11ന് തിരുവനന്തപുരത്തെ കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Human Rights Commission demands that electricity be cut off when a line breaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.