മുക്കം: വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാംനിലയിൽനിന്ന് ഹോട്ടൽ ജീവനക്കാരിയായ യുവതി താഴേക്ക് ചാടി. സംഭവത്തിൽ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയും കണ്ണൂർ പയ്യന്നൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. മുക്കത്തിനടുത്ത മാമ്പറ്റയിൽ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ സമീപം പുതുതായി ആരംഭിച്ച ഹോട്ടലിൽ ജീവനക്കാരിയാണ് യുവതി. രാത്രി നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്തുചാടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.