അറസ്റ്റിലായവർ
തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി (28), ഇവരുടെ കാമുകന്‍ ചോറ്റാനിക്കര അയ്യന്‍കുഴി ശ്രീശൈലം വീട്ടില്‍ അരുണ്‍കുമാര്‍ (33) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലlസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്ക് സമീപം ക്യൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയെ ഇക്കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ 3.30ന് ഹോസ്റ്റല്‍ ഉടമ ചിപ്പിയുടെ ഒത്താശയോടെ അരുണ്‍കുമാര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ തള്ളിയിട്ട യുവതി ബാത്ത് റൂമില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വക വരുത്തുമെന്നും ഹോസ്റ്റല്‍ നടത്തിപ്പുകാരി ഭീഷണിപ്പെടുത്തി. വഴങ്ങില്ല എന്നു മനസ്സിലാക്കിയതോടെ യുവതി 82000 രൂപ ഹോസ്റ്റലില്‍ നിന്നും മോഷ്ടിച്ചു എന്ന് കാണിച്ച് ചിപ്പി ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തറിയുന്നത്.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിപ്പിയെയും അരുണ്‍കുമാറിനെയും പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ എം. പ്രദീപ്, വി.ആര്‍ രേഷ്മ, എ.എസ്.ഐ പ്രിയ, സീനിയര്‍ സി.പി.ഒ പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.