ജപ്തി നടപടി; തൃശ്ശൂരില്‍ അമ്മയും മക്കളും രാത്രി മുഴുവന്‍ പെരുവഴിയില്‍

തൃശൂര്‍: അമ്മയെയും മക്കളെയും പെരുവഴിയിലാക്കി അർബൻ കോ-ഓപറേറ്റീവ് ബാങ്കിന്‍റെ ജപ്തി നടപടി. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരുടെ വീടാണ് ജപ്തി ചെയ്തത്. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കിയാണ് ബാങ്ക് അധികൃതര്‍ വീട് സീൽ ചെയ്തത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് ബാങ്ക് അധികൃതരുടെ ജപ്തി നടപടി. രാവിലെ 10 മണിയോടു കൂടി പരിഹാരം കാണാമെന്ന ഉറപ്പിൽ കുടുംബം ബന്ധു വീട്ടിലേക്ക് മാറി.

രണ്ടര സെന്‍റില്‍ സ്ഥിതി ചെയ്യുന്ന വീട് നിര്‍മിക്കുന്നതിന് വേണ്ടിയെടുത്ത ലോണിന്‍റെ പേരിലാണ് ബാങ്കിന്‍റെ ജപ്തി നടപടികള്‍. 2013ല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് കുടുംബം ലോണെടുത്തത്. അതിനിടെ ഓമനയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇക്കാലയളവ് വരെ പലിശയടക്കം ആറ് ലക്ഷം രൂപ കുടുംബം അടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. 90,000 രൂപ ഇതിനിടെ അടച്ചുതീര്‍ത്തിരുന്നതായി ഓമന പറയുന്നു. മിച്ചം വരുന്ന അഞ്ചു ലക്ഷം രൂപയാണ് കുടുംബം ബാങ്കില്‍ അടച്ചു തീര്‍ക്കേണ്ടത്. ഒരുമാസ അവധി ലഭിച്ചാല്‍ വീട് നില്‍ക്കുന്ന സ്ഥലം വിറ്റുകിട്ടുന്ന പണം കൊണ്ട് ബാക്കി തുക അടക്കാമെന്നാണ് ഓമനയും മകനും പറയുന്നത്.

അതേ സമയം ജപ്തി നടപടിയുടെ പശ്ചാത്തലത്തില്‍ ജോയിന്‍റ് രജിസ്ട്രാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഓമനയുടെ വീട്ടിൽ എത്തും. കോടതി ഉത്തരവിൽ ഇളവ് തേടാനുള്ള നടപടികൾ ആലോചിക്കുമെന്ന് എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. അര്‍ബന്‍ ബാങ്കിന്‍റെ പ്രസിഡന്‍റ്, ചെയര്‍മാന്‍ എന്നിവര്‍ തീര്‍പ്പുണ്ടാക്കാമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - home attached by cooperative bank in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.