അയ്യപ്പസംഗമം കഴിഞ്ഞ് മടങ്ങിയ കലാകാരന്മാരുടെ കാറിൽ ജീപ്പിടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട: അയ്യപ്പസംഗമം കഴിഞ്ഞ് മടങ്ങിയ കലാകാരന്മാരുടെ കാറിൽ ആഢംബര ജീപ്പിടിച്ച് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് എള്ളുവിള കൊങ്ങാംകോട് അനുഗ്രഹ ഭവനിൽ രാജുവിന്റെ മകൻ ബീനറ്റ് രാജ് (22) ആണ് മരിച്ചത്. കലാസംഘത്തിലെ ഡ്രംസെറ്റ് ആർട്ടിസ്റ്റ് തിരുവനന്തപുരം ആറ്റിൻകര സ്വദേശി രാജേഷ് (കിച്ചു-33), ഗിറ്റാറിസ്റ്റ് അടൂർ കരുവാറ്റ വിരിപ്പുകാലാ തറയിൽ ഡോണി (25) എന്നിവർക്ക്​ പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇരുവരെയും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദിരം വാളിപ്ലാക്കലിൽ ടേക് എ ബ്രേക്കിന് സമീപമാണ് അപകടം. പത്തനംതിട്ട ഭാഗത്തു നിന്നും റാന്നിയിലേക്ക് വന്ന ജീപ്പും എതിർ ദിശയിലെത്തിയ കാറുമാണ് ഇടിച്ചത്. മുൻഭാഗം പൂർണമായി തകർന്ന കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ആദ്യം പുറത്തെടുത്ത രാജേഷ്, ഡോണി എന്നിവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ കുടുങ്ങി കിടന്ന ബിനറ്റിനെ പോലീസും അഗ്​നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്​ അരമണിക്കൂറോളം നടത്തിയ പ്രയത്നത്തിലാണ് പുറത്തെടുക്കാനായത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

അമിതവേഗതയിലെത്തിയ ജീപ്പ് വലതുഭാഗത്തേക്ക് കയറി കാറിലിടിക്കുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഹരിയാന രജിസ്ട്രേഷനിലുള്ള ജീപ്പിൽ അത്തിക്കയം കക്കുടുമൺ സ്വദേശികളാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന്​ അര മണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - Hit by a jeep in the car of artists returning from the Ayyappa Sangamam; One Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.