പന്തളം (പത്തനംതിട്ട): ആഗോള അയ്യപ്പ സംഗമത്തിന് സമാന്തരമായി ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ ഹൈന്ദവ സംഗമം ഈ മാസം 22ന് പന്തളത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തിൽ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ മത പുരോഹിതരും സമ്മേളനത്തിനെത്തും. സംസ്ഥാന സർക്കാറിന്‍റെ മേൽനോട്ടത്തിൽ ദേവസ്വം ബോർഡ് ഈ മാസം 20 ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ തേടി വിവിധ രാഷ്ട്രീയ മത സംഘടനകളെ സമീപിക്കുന്നതിനിടയിലാണ് ഹിന്ദു ഐക്യവേദിയുടെ നീക്കം.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധ കേന്ദ്രമായിരുന്ന പന്തളം കേന്ദ്രീകരിച്ചാണ് ആഗോള അയ്യപ്പ ഹൈന്ദവ സംഘടന എന്ന പേരിൽ സമാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനയുടെ പിന്തുണയ്ക്കായി ഹിന്ദു ഐക്യവേദി സമീപിക്കുന്നുണ്ട്. ഓണത്തിരക്കിനു ശേഷം വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളെ സമ്മേളനത്തിൽ ക്ഷണിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.എന്നാൽ വിവിധ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഓണത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുക എന്നും പന്തളം കൊട്ടാരം പ്രതിനിധികൾ 'മാധ്യമ'ത്തോട് പറഞ്ഞു.
സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ആവശ്യകതകൾ വിശദീകരിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ശനിയാഴ്ച പന്തളം കൊട്ടാരത്തിൽ എത്താൻ ഇരിക്കുകയാണ്. സമാന്തര സമ്മേളനം സംഘടിപ്പിക്കുന്ന വിവരം പുറത്തുവരുന്നത്.സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ഹിന്ദു ഐക്യവേദിയുടെ പേരിൽ ഹൈന്ദവ സംഗമം സംഘടിപ്പിക്കുന്നത് പുതിയ രാഷ്ട്രീയ മാനത്തിന് തിരിതെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.