representational image
കൊച്ചി: ഹയർ സെക്കൻഡറി പ്രവേശനത്തിന് മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിൽ 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഡിവിഷൻ ബെഞ്ച്.
ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട നടപടികളിൽ വ്യക്തവും സമഗ്രവുമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന നിർദേശത്തോടെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ട റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നായർ സർവിസ് സൊസൈറ്റിയും വിവിധ സ്കൂൾ മാനേജർമാരും നൽകിയ അപ്പീൽ ഹരജികൾ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകൾക്ക് അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ട റദ്ദാക്കുകയും ഈ സീറ്റുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ഓപൺ മെറിറ്റിൽ നടത്താനുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, ഏജൻസികൾ തുടങ്ങി സാമുദായിക അടിസ്ഥാനത്തിലല്ലാതെ പ്രവർത്തിക്കുന്ന മാനേജ്മെന്റുകൾക്ക് ക്വോട്ട നൽകാത്ത നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി സർക്കാർ കഴിഞ്ഞ ജൂലൈ ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്യുന്ന ഹരജിയിൽ മുന്നാക്ക സമുദായത്തിന്റെ 10 ശതമാനം ക്വോട്ട കൂടി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.