ലക്ഷദ്വീപിലെ താൽക്കാലിക ഷെഡുകൾ പൊളിക്കാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ

കൊച്ചി: ലക്ഷദ്വീപിലെ ബങ്കാരം അടക്കം ദ്വീപുകളിൽ താൽക്കാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ആൾത്താമസമില്ലാത്ത ദ്വീപുകളിൽ കൃഷിക്ക് പാട്ടത്തിന് നൽകിയ സ്ഥലത്ത് താൽക്കാലികമായി കെട്ടിയ ഷെഡുകൾ പൊളിക്കാൻ മാർച്ച് 25ന് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കെ. അബ്ദുൽ റഹീം അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. അതുവരെ തൽസ്ഥിതി തുടരാനാണ് നിർദേശം. അവധി ദിവസമായിരുന്നിട്ടും ശനിയാഴ്ച വൈകീട്ട് 7.45ന് പ്രത്യേക സിറ്റിങ് നടത്തിയാണ് സിംഗിൾ ബെഞ്ച് ഹരജി പരിഗണിച്ചത്. താൽക്കാലിക ഷെഡുകൾ എന്ത് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്തമാക്കാൻ കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വിശദീകരണത്തിന് സമയം തേടിയതിനെത്തുടർന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 11നാണ് ആദ്യം നോട്ടീസ് നൽകിയത്. 16ന് ഒഴിപ്പിക്കുമെന്ന് കാട്ടി നോട്ടീസ് നൽകി. തുടർന്നാണ് 25ന് വൈകീട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്ന് ഹരജിക്കാർ പറഞ്ഞു. കൃഷി ആവശ്യത്തിന് അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വാദം. 

Tags:    
News Summary - High Court stays order to demolish temporary sheds in Lakshadwee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.