മാധ്യമത്തിനെതിരായ ക്രൈംബ്രാഞ്ച് നോട്ടീസുകൾക്ക് ഹൈകോടതിയുടെ സ്റ്റേ

കൊച്ചി: പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ ’മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സീനിയർ റിപ്പോർട്ടർ അനിരു അശോകൻ എന്നിവർക്ക് ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിലെ തുടർ നടപടികൾക്ക് ഹൈകോടതി സ്റ്റേ. വാർത്തയുടെ സ്രോതസ് വെളിപ്പെടുത്താനും ലേഖകന്‍റെ വിവരങ്ങൾ ലഭ്യമാക്കാനും നിർദേശിച്ച് ചീഫ് എഡിറ്റർക്കും ഫോൺ പരിശോധനക്ക് ഹാജരാക്കണമെന്നതടക്കം നിർദേശിച്ച് ലേഖകനും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ജി. ബിജു നൽകിയ നോട്ടീസുകളിലെ നടപടിയാണ് ജസ്റ്റിസ് ജയകുമാർ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. നോട്ടീസുകൾ ചോദ്യം ചെയ്ത് ഇരുവരും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ജനുവരി 16ന് പരിഗണിക്കാൻ മാറ്റി.

‘പി.എസ്.സി വിവരങ്ങൾ വിൽപനക്ക്’ എന്ന പേരിൽ ജൂലൈ 22ന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് 28ന്‘ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ബെബിൽ’ എന്ന തലക്കെട്ടിൽ ഇതുമായി ബന്ധപ്പെട്ട യോഗത്തിന്‍റെ അജണ്ടയുടെ ചിത്രം സഹിതം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത് പ്രസിദ്ധീകരിച്ച വാർത്തക്കൊപ്പം ചേർത്ത ചിത്രം അതീവ രഹസ്യ സ്വഭാവത്തിലുള്ള രേഖയാണെന്നും ചോർന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി നൽകിയ പരാതിയിലാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട് ഡിസംബർ 16ന് ലഭിച്ച നോട്ടീസിനെ തുടർന്ന് 21 ന് ലേഖകൻ നേരിട്ടെത്തി മൊഴി നൽകിയിരുന്നു.

എന്നാൽ, ഡിജിറ്റൽ ഇമേജിന്‍റെ സ്രോതസ്, റിപ്പോർട്ടറുടെ ഫോൺ നമ്പർ, ഇമെയിൽ എന്നിവ ആരാഞ്ഞ് ചീഫ് എഡിറ്റർക്ക് 19ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. 48 മണിക്കൂറിനകം വിവരം നൽകണമെന്ന നിർദേശത്തോടെയായിരുന്നു നോട്ടീസ്. സ്രോതസ് കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അനിരുവിനും നോട്ടീസ് അയച്ചു. തുടർന്നാണ് ഈ രണ്ട് നോട്ടീസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഭരണഘടനാവകാശം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട് ബോധപൂർവമായ ഭീഷണിപ്പെടുത്തലാണ് നോട്ടിസെന്നും സ്രോതസ് വെളിപ്പെടുത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി ചീഫ് എഡിറ്റർ ക്രൈംബ്രാഞ്ചിന് മറുപടി നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെങ്കിലും സ്രോതസ് വെളിപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടറും മറുപടി നൽകി. ഈ മറുപടികളും കോടതിയിൽ ഹാജരാക്കി. എന്നാൽ, ഈ മറുപടികളുടെ പേരിൽ ആക്ഷേപവും കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയുമുണ്ടായതായി ഹരജിയിൽ പറയുന്നു. ഹരജി പരിഗണിച്ച കോടതി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. നേട്ടീസുകളിൽ തുടർ നടപടി തടയണമെന്ന ഹരജിക്കാരുടെ ആവശ്യം പരിഗണിച്ച കോടതി തുടർന്ന് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിക്കുകയായിരുന്നു. മാധ്യമത്തിന് വേണ്ടി അഭിഭാഷകൻ അമീൻ ഹസൻ ഹാജരായി. 

Tags:    
News Summary - High Court stays notice issued to Madhyamam editor and writer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.