കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ വിലപ്പെട്ട സ്വത്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് ഞെട്ടിപ്പിക്കുന്നുവെന്ന് ഹൈകോടതിയുടെ ദേവസ്വം ബെഞ്ച്. സ്വർണക്കൊള്ളയിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെടുന്ന എസ്.ഐ.ടിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തിരുവിതാംകൂർ ദേവസ്വം അധികൃതർ നൽകിയത് പൂർണ സ്വാതന്ത്ര്യമാണ്. അറ്റകുറ്റപ്പണികളിൽ കർശന മേൽനോട്ടമുണ്ടായില്ല. ദേവസ്വം മരാമത്ത് വകുപ്പിനെ ഇടപെടുത്തിയില്ല.
സ്പോൺസർഷിപ്പിന്റെ പേരിലുള്ള ദുരൂഹ ഇടപാടുകൾ 2015 മുതൽ തുടങ്ങിയെന്ന് രേഖകളിൽ വ്യക്തമാണ്. ശാന്തിക്കാരാണ് വാതിൽ അഴിച്ചുകൊടുത്തത്. വാതിൽ സ്വർണം പൂശുന്നതിന് സാക്ഷ്യം വഹിക്കാൻ ദേവസ്വം പ്രസിഡന്റിന് പോറ്റി ചെന്നൈയിൽ താമസ സൗകര്യം വാഗ്ദാനം ചെയ്തു. എന്നാൽ, ഉദ്യോഗസ്ഥരെയാണ് ബോർഡ് നിയോഗിച്ചത്. 2019 മാർച്ച് മൂന്നിന് സ്വർണം പൂശിയ വാതിൽ സന്നിധാനത്തെത്തിക്കാൻ പോറ്റിയെ ചുമതലപ്പെടുത്തിയാണ് അന്നത്തെ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു മഹസർ എഴുതിയത്. മാർച്ച് 11നാണ് പോറ്റി വാതിൽ തിരിച്ചെത്തിച്ചത്. അന്ന് മഹസറെഴുതിയത് എക്സി. ഓഫിസർ സുധീഷ്കുമാറും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവുമാണ്. ഇതിനിടയിലാണ് വാതിൽ മറ്റൊരു ക്ഷേത്രത്തിലെത്തിച്ചത്.
ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപ്പണി ചെയ്യാൻ 2024 മുതൽ പല ഉത്തരവുകളും ഇറക്കിയെങ്കിലും നടന്നില്ല. 2025 ജൂലൈയിൽ ദുരൂഹമായി ഈ ആവശ്യം വീണ്ടും ഉയരുകയും അനുവദിക്കുകയും ചെയ്തു. ബാക്കി വന്ന 474 ഗ്രാം സ്വർണം തന്റെ പക്കലുണ്ടെന്ന് 2019ൽ പോറ്റി തന്നെ കത്തയച്ചതാണ്. എന്നാൽ, അന്ന് ക്രിമിനൽ നടപടിക്ക് ശിപാശ ചെയ്യാത്തത് അത്ഭുതമാണ്. ഇത് അറിഞ്ഞുകൊണ്ടു തന്നെ ഇപ്പോഴത്തെ ബോർഡും പോറ്റിയെ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചു.
മാന്വലും കോടതി നിർദേശവും മറികടക്കുകയും പവിത്രമായ വസ്തുക്കളുടെ വ്യാജ പതിപ്പുകൾ സമർപ്പിക്കുന്നിടം വരെ എത്തുകയും ചെയ്തിട്ടും സ്പെഷൽ കമീഷണറെ അറിയിച്ചില്ല. പീഠങ്ങൾ പോറ്റിയുടെ സഹോദരിയുടെ വീട്ടിലെത്തിച്ച കാര്യം വിജിലൻസ് അന്വേഷണം വരെ ബോർഡ് അറിയുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.