സമൂഹമാധ്യമങ്ങളിലെ അപകീർത്തി പരാമർശങ്ങൾ ജനാധിപത്യത്തിനെതിരെന്ന് ഹൈകോടതി

കൊച്ചി: സമൂഹമാധ്യമങ്ങളിലെ അപകീർത്തി പരാമർശങ്ങളുടെ ദുരിതം പൗരന്മാരെപ്പോലെ ഭരണാധികാരികളും അനുഭവിക്കുകയാണെന്ന് ഹൈകോടതി. ഈ പ്രവണത സമൂഹത്തിന് ശല്യവും ഉപദ്രവവുമാവുകയാണ്. ഇത്തരം സന്ദേശങ്ങൾ ജനാധിപത്യത്തിനും എതിരാണ്. നിയമത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇത്തരക്കാരെ കൈകാര്യം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റകൃത്യം വല്ലതും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. എറണാകുളത്ത് താമസക്കാരനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ എം. അബ്ജിത്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജഡ്ജിമാർ എന്നിവർക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയക്കുന്നത് പതിവായിട്ടുണ്ട്. ഇത് പ്രശസ്തിക്കോ മറ്റേതെങ്കിലും ലക്ഷ്യത്തോടെയോ ആണോ എന്നതറിയാൻ പൊലീസിന് വിലപ്പെട്ട സമയമാണ് ചെലവഴിക്കേണ്ടി വരുന്നത്. പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കോടതിക്ക് പറയാനാകില്ല- കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - High Court says defamatory remarks on social media are against democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.