കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ വി.എസ്. പ്രദീപ് കുമാറിന്റെ നിയമനം സാധുവാണെന്ന സർവകലാശാല ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഡെപ്യൂട്ടി രജിസ്ട്രാർ നിയമനത്തിനെതിരെ കോയമ്പത്തൂർ സ്വദേശിനി വി. പ്രിയദർശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. വിജ്ഞാപന പ്രകാരമുള്ള ഉയർന്ന പ്രായപരിധി ലംഘിച്ചും മതിയായ വിദ്യാഭ്യാസ, പ്രവൃത്തിപരിചയ യോഗ്യതകൾ പരിഗണിക്കാതെയുമാണ് നിയമനമെന്നാരോപിച്ചാണ് ഹരജി നൽകിയത്.
യോഗ്യതകളുടെ അടിസ്ഥാനത്തിൽ നിയമനം പുനഃപരിശോധിക്കാനും ഉചിതമായ തീരുമാനമെടുക്കാനും സർവകലാശാലക്ക് കോടതി നിർദേശം നൽകിയിരുന്നു. നിയമനത്തിനുള്ള പ്രായപരിധി 50 വയസ്സ് ആണെന്നിരിക്കെ വി.എസ്. പ്രദീപ് കുമാറിന് നിയമനസമയത്ത് 52 വയസ്സുണ്ടായിരുന്നുവെന്നതായിരുന്നു ഹരജിയിലെ ആരോപണം. 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
എന്നാൽ, വി.എസ്. പ്രദീപ് കുമാറിന് യു.ജി.സി അംഗീകൃത ബിരുദാനന്തര ബിരുദം ഉണ്ടായിരുന്നില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദത്തിന് ലഭിച്ചത് 54.5 ശതമാനം മാർക്കാണ്. ഈ സാഹചര്യത്തിൽ മതിയായ പ്രവൃത്തി പരിചയം അവകാശപ്പെടാനാവില്ലെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യം പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഉത്തരവിനെത്തുടർന്ന് നിയമനം പുനഃപരിശോധിക്കാൻ സർവകലാശാല ഒരു സമിതി രൂപവത്കരിച്ചു. നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമനം ശരിവെച്ച് സർവകലാശാല വൈസ് ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ ഹരജിക്കാരി വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രദീപ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കപ്പെട്ടതായി കാണുന്നില്ലെന്നും നിയമന നടപടിക്രമങ്ങളിൽ പ്രായപരിധി ഇളവ് അനുവദിച്ചതിന് കാരണമൊന്നും പറയുന്നില്ലെന്നും വിലയിരുത്തിയ കോടതി വീണ്ടും നിയമനം പുനഃപരിശോധിക്കാൻ സർവകലാശാലക്ക് നിർദേശം നൽകി. ഇതിലും പ്രദീപിന് അനുകൂലമായ ഉത്തരവാണ് സർവകലാശാല പുറപ്പെടുവിച്ചത്. ഇതിനെതിരായ ഹരജിയാണ് ഇപ്പോൾ കോടതി പരിഗണിച്ചത്.
പ്രദീപിന്റെ നിയമനം മാനദണ്ഡം മറികടന്നു കൊണ്ടാണോ എന്നും മതിയായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമുണ്ടോയെന്നും പൊതുനിയമനത്തിന് പരിഗണിച്ച വിജ്ഞാപന പ്രകാരം വീണ്ടും പരിശോധിക്കാൻ സർവകലാശാലക്ക് കോടതി നിർദേശം നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്ത നിയമനമാണെന്ന് കണ്ടെത്തിയാൽ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.