കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹരജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈകോടതി. പരിപാടിയുടെ നടത്തിപ്പടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ബുധനാഴ്ച പരിഗണിച്ചത്.
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്‍കി. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് പരിപാടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി.
സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. വിഷയത്തില്‍ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. ഹരജി വീണ്ടും സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.