എറണാകുളം ശിവക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിന് ഹൈകോടതി അനുമതി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ടിന് അനുമതി നൽകി ഹൈകോടതി. കർശന ഉപാധികളോടെയാണ് അനുമതി. കൃത്യമായ ദൂര പരിധി പാലിക്കണം. പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പാക്കണം. ബാരിക്കേഡ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കണം. വെടിക്കെട്ട് സാമഗ്രികൾ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ദൂരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ വെടിക്കെട്ട് നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു.

നേരത്തെ ജില്ലാ ഭരണകൂടം എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികൾ ഹൈകോടതിയെ സമീപിച്ചത്. സുരക്ഷിതമായി വെടിക്കെട്ട് നടത്താനുള്ള മാനദണ്ഡങ്ങള്‍ ക്ഷേത്രത്തിന് പാലിക്കാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചിരുന്നത്.

പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷേത്രം ഭാരവാഹികള്‍ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകള്‍ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചിരുന്നത്. സിറ്റി പൊലീസ് കമീഷണര്‍, ജില്ലാ ഫയര്‍ ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. വലിയ വിളക്ക് ദിവസമായ എട്ടിനും ആറാട്ടു ദിവസമായ പത്തിനും വെടിക്കെട്ട് നടത്താനാണ് ക്ഷേത്ര ഭാരവാഹികൾ അനുമതി തേടിയത്.

Tags:    
News Summary - High Court gives permission for fireworks at Ernakulam Shiva temple festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.