പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈകോടതി നിരോധനം; ‘കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന്​ സ‌ർക്കാർ നയം രൂപവത്​കരിക്കണം’

കൊച്ചി: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈകോടതി. മുമ്പ് സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന്​ സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്​കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം. തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഒരുമാസത്തിനകം ഹൈകോടതിയിൽ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.

പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കുന്നത്​ സംബന്ധിച്ച ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. കൊടിമരങ്ങൾ താൽക്കാലം നീക്കിയെങ്കിലും വീണ്ടും സ്ഥാപിക്കാൻ സാധ്യതയുള്ളതിനാൽ കോടതി കർശനമായി ഇടപെടണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അനധികൃത കൊടിമരങ്ങൾ സംസ്ഥാനത്ത് സർവവ്യാപിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയിൽ നിന്ന് തുടർച്ചയായ നിർദേശങ്ങളുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. 2022 മുതൽ സർക്കാർ പല ഉറപ്പുകളും നൽകി. കോടതി അത് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, ലക്ഷ്യത്തിലെത്തിയില്ലെന്ന് വ്യക്തമാക്കിയാണ് കർശന നിർദേശങ്ങളുമായി ഉത്തരവിറക്കിയത്. 

Tags:    
News Summary - High Court bans erecting flag poles in public places without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.